
റിയാദ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമന്നെ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. പൊലീസ് പരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോക്ടര്‍ മരിച്ചത്. ഇതിനേക്കാള്‍ ഗൗരവമേറിയതാണ് അകമ്പടി സേവിച്ച പൊലീസിന്റെ നിഷ്‌കൃയത്തം. രണ്ട് സംഭവങ്ങളും ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഒ ഐ സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ഭയമായി ചികിത്സ നടത്താനുള്ള ആത്മവിശ്വാസം നഷ്ടപ്പെടും. ആത്യന്തികമായി ഇത് തിരിച്ചടിയാകുന്നത് ചികിത്‌സാ തേടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാര്‍ക്കാണ്. ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷയില്ലാത്ത അവസ്ഥയുണ്ടാകാന്‍ പാടില്ല. ഡോക്ടര്‍മാര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് സുരക്ഷ. ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്ന് അക്രമ ഭീഷണികള്‍ നേരിടുന്നുണ്ട്. സുരക്ഷ ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ പലതവണ സമീപിച്ചെങ്കിലും നിസംഗത തുടരുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഇരയാണ് ഡോ. വന്ദനയെന്നും ഒഐസിസി കുറ്റപ്പെടുത്തി.






