റിയാദ്: ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ വിലവിരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ പമ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം. വില പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഡിജിറ്റല്‍ സ്‌ക്രീന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് നഗരസഭകള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. 91, 95 എന്നീ രണ്ടു ഗ്രേഡിലുളള പെട്രോളുകളാണ് സൗദി വിപണിയിലുളളത്. ഇതിന് പുറമെ ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വിലയും പ്രദര്‍ശിപ്പിക്കണം. വില വിവരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ പമ്പുകള്‍ക്ക് മൂന്നു തവണ വാണിംഗ് നോട്ടീസ് നല്‍കും. നിയമ ലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ച് വിപണിയിലെത്തുന്ന ഇന്ധനത്തിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതിഫലിക്കുന്നുണ്ട്. ഔദ്യോഗിക വിലയാണ് പെട്രോള്‍ പമ്പുകള്‍ ഈടാക്കുന്നതെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണം. ഇതിന് ഉതകുന്ന തരത്തില്‍ പെട്രോള്‍ പമ്പുകളുടെ പ്രവേശന കവാടങ്ങളില്‍ വലയി ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.