റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കായിക അധ്യാപകന്‍ മരിച്ചു. കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38) ആണ് മരിച്ചത്.
പത്തുവര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. നാലു ദിവസം മുമ്പ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയിരുന്നു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ബുധന്‍ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്നു. മികച്ച ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനായിരുന്നു. കേരള സംസ്ഥാന ടൂര്‍ണമെന്റുകളില്‍ ടീം അംഗമായിരുന്നു. പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ബാസ്‌കറ്റ്‌ബോള്‍ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളെ സിബിഎസ്ഇയുടെ നാഷണല്‍, സോണല്‍ മത്സരങ്ങളില്‍ പരിശീലനം നല്‍കി.
ശനിയാഴ്ച രാവിലെ ഒമ്പതിന് കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം 3ന് കുന്നംകുളത്ത് സംസ്‌കരിക്കും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി സാമൂഹ്യപ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്. ഊരാളി ബാന്‍ഡ് സംഗീതജ്ഞന്‍ സജി ശിവദാസ് സഹോദരനാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.