പ്രവാസി മിത്രം പോര്‍ട്ടല്‍ ആശ്വാസമാകും: ഇബ്രാഹിം സുബ്ഹാന്‍

റിയാദ്: പ്രവാസി മലയാളികളുടെ തീരാ തലവേദനയാണ് നാട്ടിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളും റവന്യൂ വകുപ്പില്‍ നിന്ന് നടത്തിയെടുക്കേണ്ട വസ്തു സംബന്ധമായ രേഖകളും. കുറഞ്ഞ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ ഓഫീസുകളില്‍ കയറിയിറങ്ങി മടുക്കാറാണ് പതിവ്. സമയബന്ധിതമായി പരാതി പരിഹരിക്കുവാന്‍ റവന്യൂ വകുപ്പ് മുന്‍കൈ എടുക്കണമെന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളായി.

കഴിഞ്ഞ നോര്‍ക്ക സമ്മേളനത്തില്‍ പലരും ഉന്നയിച്ച പ്രധാന ആവശ്യം ഇതായിരുന്നു. ഈ സാഹചര്യത്തില്‍ പ്രവാസിമിത്രം വെബ് പോര്‍ട്ടല്‍ സ്ഥാപിക്കാനുളള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ലോക കേരളസഭ അംഗം ഇബ്രാഹിം സുബ്ഹാന്‍ (സൗദി അറേബ്യ) പറഞ്ഞു. കഴിഞ്ഞ ലോകസഭ സമ്മേളന ത്തിലും ഗള്‍ഫിലെത്തുന്ന മന്ത്രി മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്നിലും പ്രവാസി സംഘടനകളും നേതാക്കന്മാരും നിരവധി തവണ ആവശ്യം ഉന്നയിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ പ്രായോഗികമായ നടപടി എന്ന നിലയില്‍ പ്രവാസി മിത്രംവെബ് പോര്‍ട്ടല്‍ അവതരിപ്പിക്കുന്നത്.

പ്രവാസികള്‍ക്ക് റവന്യൂ സര്‍വെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം വലിയ ദുരിതത്തിനാണ് അറുതി വരുന്നതെന്ന് ഇബ്രാഹിം സുബ്ഹാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവാസികള്‍ക്ക് റവന്യൂ സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട പോക്കുവരവ് നടപടി ക്രമങ്ങള്‍, വിവിധ രേഖകള്‍, മക്കളുടെ ഉന്നത പഠനം, തൊഴില്‍ ആവശ്യം എന്നിവക്ക് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നല്‍കിയ അപേക്ഷ സംബന്ധിച്ച തുടര്‍നടപടികള്‍ക്ക് സഹായം നല്‍കുന്നതാവും ‘പ്രവാസി മിത്രം’ഓണ്‍ലൈന്‍ പോര്‍ട്ടല്‍. ഗള്‍ഫില്‍ നിന്ന് തന്നെ ഓണ്‍ലൈനായി കാര്യങ്ങള്‍ നടത്താമെന്നത് ഏറെ ആശ്വാസകരമാണെന്നും ഇബ്രാഹിം സുബ്ഹാന്‍ പറഞ്ഞു.

Leave a Reply