
റിയാദ്: പ്രവാസി ലീഗല്‍ സെല്‍ സൗദി ചാപ്റ്റര്‍ പ്രതിനിധികള്‍ റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ കമ്പനികളില്‍ ശമ്പളം ലഭിക്കാത്തതും സര്‍വീസ് ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്ക്കുന്നതും ശ്രദ്ധയില്‍പെടുത്തി. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കാതിരിക്കുക, വിമാന ടിക്കറ്റിന്റെ അമിത നിരക്ക് എന്നിവയും ചര്‍ച്ച ചെയ്തു.

പ്രവാസികള്‍ക്ക് ആവശ്യമായ നിയമപ ബോധവല്‍ക്കരണം നല്‍കാന്‍ പ്രവാസി ലീഗല്‍ സെല്‍ തയ്യാറാണെന്നു പ്രതിനിധികള്‍ വ്യക്തമാക്കി. തൊഴില്‍, വിദ്യാഭ്യാസം, ബിസിനസ് എന്നീ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം ശേഖരിച്ചാല്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി ഇടപെടാന്‍ സഹായിക്കും.

നാട്ടിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ നിയന്ത്രിക്കുന്നതിലും പ്രവാസികളെ ചതിക്കുന്ന ഏജന്റുമാര്‍ക്കെതിരെ എംബസിയും വിദേശകാര്യമന്ത്രാലയവും ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കണം. പ്രവാസികളായ ഭാരതീയര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ അപകട ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയും കുറഞ്ഞ പ്രീമിയത്തില്‍ നടപ്പിലാക്കണമെന്നും സംഘം അഭ്യര്‍ത്ഥിച്ചു. പ്രവാസി ലീഗല്‍ സെല്‍ സൗദി ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ പീറ്റര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ അഡ്വ. ശങ്കരനാരായണന്‍, ഗഫൂര്‍ കൊയിലാണ്ടി, ജേക്കബ്, അസീസ് കടലുണ്ടി, മുഹമ്മദ് ഫാസില്‍ എന്നിവര്‍ എംബസ്സി കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ച നടത്തിയത്.





