Sauditimesonline

obit
വാഹനാപകടം: 18 വയസ്സുകാരന്‍ ഫര്‍സീന്‍ അഹമ്മദ് മരിച്ചു; വിവാഹ സത്കാരം മാറ്റിവെച്ചു

അപേക്ഷയിലും റാങ്ക് ലിസ്റ്റിലും റിസര്‍വേഷന്‍; പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് ‘കുസാറ്റ്’ കുതന്ത്രം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) പ്രവേശനത്തില്‍ പ്രവാസി മലയാളികളുടെ മക്കള്‍ക്കുള്ള ‘സിജിഡബ്ല്യു’ (ചില്‍ഡ്രന്‍ ഓഫ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് ഇന്‍ ഗള്‍ഫ് കണ്‍ട്രീസ്) ക്വാട്ടയിലെ അനിശ്ചിതത്വത്തിനും അമിത ഫീസിനുമെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ സര്‍വകലാശാലയ്ക്കു നിവേദനം സമര്‍പ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളുടെ മക്കള്‍ക്കു ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങള്‍ വളരെ കുറച്ചു കോഴ്‌സുകളില്‍ മാത്രമായി ഒതുക്കിയെന്നും ആവശ്യമായ സീറ്റുകളില്ലാത്ത വിഷയങ്ങളിലേക്ക് അപേക്ഷിച്ചവരില്‍ നിന്നു ഉയര്‍ന്ന പ്രവേശന ഫീസ് ഈടാക്കിയെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കുസാറ്റ് ക്യാമ്പസ് ഒന്നിലെ ഏതാനും ബി.ടെക് കോഴ്‌സുകളിലും ഒരു എം.ടെക് വിഷയത്തിലും മാത്രമാണ് നിലവില്‍ സീറ്റുകള്‍ അനുവദിച്ചിട്ടുള്ളത്. പഞ്ചവത്സര ലോ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളില്‍ ആനുകൂല്യം ലഭ്യമല്ല. എന്നാല്‍ എല്‍എല്‍ബി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലേക്ക് അപേക്ഷിച്ചവരില്‍ നിന്നും സിജിഡബ്ല്യു വിഭാഗത്തിന്റെ പേരില്‍ 6,500 രൂപ വീതം ഈടാക്കിയിട്ടുണ്ട്. സാധാരണ അപേക്ഷകര്‍ക്ക് 1,500 രൂപ ഫീസുള്ള സ്ഥാനത്താണ് അധിക തുക വാങ്ങിയത്.

പഞ്ചവത്സര എല്‍എല്‍ബി അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ ‘സിജിഡബ്ല്യു’ സ്‌പെഷ്യല്‍ റിസര്‍വേഷന്‍ കാറ്റഗറി തിരഞ്ഞെടുക്കാന്‍ പ്രവാസികളുടെ മക്കള്‍ക്ക് അഡ്മിഷന്‍ പോര്‍ട്ടലില്‍ ഓപ്ഷന്‍ നല്‍കിയിരുന്നു. സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും സിജിഡബ്ല്യു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രവേശന ഘട്ടത്തില്‍ സിജിഡബ്ല്യു റിസര്‍വേഷന്‍ ഇല്ലെന്നാണ് യൂനിവേഴ്‌സിറ്റിയുടെ നിലപാട്. മാത്രമല്ല സിജിഡബ്ല്യു റിസര്‍വേഷന്‍ ഇല്ലെന്നും എന്‍ആര്‍ഐ ക്വാട്ടയില്‍ മാത്രമാണ് പ്രവേശനമെന്നുമാണ് വിശദീകരണം.

സീറ്റുകളില്ലാത്ത കോഴ്‌സുകളിലേക്ക് ‘സിജിഡബ്ല്യു’ ഓപ്ഷന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ നല്‍കിയതും റാങ്ക് ലിസ്റ്റില്‍ അത് ഉള്‍പ്പെടുത്തിയതും സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. ഇത് സാങ്കേതിക തകരാറാണോ അതോ കൂടുതല്‍ തുക ഫീസിനത്തില്‍ കൈപ്പറ്റാനുള്ള മനഃപൂര്‍വ്വമായ നീക്കമാണോ എന്ന് സര്‍വകലാശാല വ്യക്തമാക്കണമെന്ന് പ്രവാസി രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

ബിബിഎ എല്‍എല്‍ബി പ്രവേശന സമയത്ത് 56,642.00 രൂപയാണ് അടക്കേണ്ടത്. ആറ് ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ മക്കള്‍ക്കാണ് സിജിഡബ്ല്യു റിസര്‍വേഷന്‍ കാറ്റഗറി ഉള്‍പ്പെടുത്തിയിട്ടുളളത്. കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍ക്ക് ആശ്വാസം എന്ന നിലയിലാണ് സിജിഡബ്ല്യു റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സിജിഡബ്ല്യു കാറ്റഗറി എന്‍ആര്‍ഐ വിഭാഗത്തിലേക്ക് മാറ്റി പ്രവേശനം നല്‍കി പ്രവേശന ഫീസ് 2,39,442.00 ഈടാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സിജിഡബ്ല്യു സീറ്റ് പ്രതീക്ഷിച്ച് അധിക അപേക്ഷാ ഫീസ് അടച്ച വിദ്യാര്‍ഥികള്‍ക്ക് എന്‍ആര്‍ഐ ഫീസ് നല്‍കി പ്രവേശനം നേടാന്‍ കഴിയാതെ വരുന്നു.

അപേക്ഷിക്കുന്ന കോഴ്‌സില്‍ സിജിഡബ്ല്യു സീറ്റുകള്‍ ഇല്ലെന്നറിയാതെ അധികമായി അടച്ച 5,000 രൂപ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് തിരികെ നല്‍കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രവേശന നടപടികളുടെ ഓഡിറ്റ് നടത്തണം. എന്‍ആര്‍ഐ സീറ്റുകളും സിജിഡബ്ല്യു സീറ്റുകളും രണ്ടായതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ റാങ്ക് ലിസ്റ്റില്‍ നല്‍കുന്നത് അവസാനിപ്പിക്കണം. സംവരണ ആനുകൂല്യങ്ങള്‍ വിപുലീകരിച്ച് വ്യക്തമായ സിജിഡബ്ല്യു നയം പ്രഖ്യാപിക്കണമെന്നും 15 ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും സംഘടന സര്‍വകലാശാലയെ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top