റിയാദ്: പ്രവാസികളിലെ ജീവിത ശൈലിയാണ് ആരോഗ്യം വഷളാക്കുന്നതിന് പ്രധാന കാരണമെന്ന് കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ വി പി ഗംഗാധരന്‍. കാന്‍സര്‍ ചികിത്സയെക്കാള്‍ പ്രതിരോധത്തിന് കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുകയിലയുടെ ഉപയോഗവും മദ്യപാനവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇവ പൂര്‍ണമായും ഒഴിവാക്കണം. പുകവലിക്കുന്നവരുടെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വേഗം പ്രത്യക്ഷപ്പെടാനുളള ഉത്തേജനം ഉണ്ടാകുമെന്നും ഡോ വി പി ഗംഗാധരന്‍ പറഞ്ഞു. പുകവലി ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാമെന്നാണ് ചിലര്‍ ധരിക്കുന്നത്. ഇത് സാധ്യമല്ല. പുകവലിക്കുന്നവര്‍ അത് ഉപേക്ഷിക്കുമെന്ന് ഉറച്ച തീരുമാനം എടുക്കണം. പുക വലിക്കുന്നവര്‍ സ്വയം മരണത്തിലേക്ക് നീങ്ങുക മാത്രമല്ല അടുത്തിരിക്കുന്നവരെ മരണത്തിലേക്ക് തളളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റുളളവരുടെ പുകവലിയെ തുടര്‍ന്ന് വര്‍ഷം ആറു ലക്ഷം മനുഷ്യ ജീവനുകളാണ് നഷ്ടപ്പെടുന്നത്. കുട്ടികളുടെ അടുത്തിരുന്ന് പുകവലിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിന് ഇടയാക്കും. കാന്‍സര്‍ മാത്രമല്ല, ശ്വാസ കോശ രോഗങ്ങള്‍ ഉള്‍പ്പെടെ വിവിധ അസുഖങ്ങള്‍ കുട്ടികള്‍ക്കുണ്ടാകാന്‍ പാസീവ് സ്‌മോകിംഗ് കാരണമാകുമെന്നം ഡോ ഗംഗാധരന്‍ പറഞ്ഞു.
പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി ഉപയോഗം കൂടുതലാണ്. എങ്കിലും കാന്‍സറിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കണം. സമയം കണ്ടെത്തി വ്യായാമം ദിനചര്യയാക്കണമെന്നും ഡോ. ഗംഗാധരന്‍ പറഞ്ഞു. സ്തനാര്‍ബുദത്തിന്റെ നിരക്ക് വര്‍ധിച്ചുവരുകയാണ്. സ്വയം പരിശോധന നടത്താന്‍ ശീലിക്കുകയും എല്ലാ മാസവും പരിശോധിക്കുകയും വേണം. നേരത്തെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയും.
ഉബൈദ് എടവണ്ണ പൂച്ചെണ്ട് നല്‍കി ഡോ ഗംഗാധരനെ സ്വീകരിച്ചു. പ്രസിഡന്റ് നസറുദ്ദീന്‍ വി ജെ അധ്യക്ഷത വഹിച്ചു. മീഡിയാ ഫോറത്തിന്റെ ഉപഹാരവും സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്ട് സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പളളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.