
റിയാദ്: സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ ‘ബ്രോക്കോളി കിച്ചന്‍’ എന്ന പേരില്‍ പാചക മത്സരം സംഘടിപ്പിച്ചു. പാചകത്തെ ഗൗരവമായി കാണുന്നതിനും ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുമുളള ബോധവല്‍കരണ പരിപാടിയുടെ ഭാഗമായിരുന്നു മത്സരം. രുചി, നിറം, മണം എന്നിവ പെരുപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ കൂട്ടുകളില്ലാതെ വിഭവങ്ങള്‍ തയ്യാറാക്കിയാണ് മത്സരാര്‍ത്ഥികളെത്തിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പടെ ഇരുപതിലധികം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. റിയാദിലെ പ്രമുഖ ഫുഡ് വ്‌ളോഗര്‍ ഹദീല്‍ അഖീല്‍ യൂസഫ് പരിപാടിയുടെ വിധികര്‍ത്താവായിരുന്നു.

മാസ്റ്റര്‍ ഷെഫായി മൈക്രോബയോളജിസ്റ്റ് ഗ്ലാണ്ടി അനൂപിനെ തെരഞ്ഞെടുത്തു. ഒപ്ടിമെട്രിസ്റ്റ് ഷഹല യാസീന്‍ രണ്ടാം സ്ഥാനം നേടി. ക്ലിനിക്കിന്റെ പതിനഞ്ചാം വാര്‍ഷിക പരിപാടിയില്‍ ഇവര്‍ക്കു ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിക്കും.
ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ഖര്‍ണി പരിപാടി ഉത്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുകുന്ദന്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ഫൈറോസ പാലോജി, മാനേജ്‌മെന്റ് പ്രതിനിധികളായ നൗഫല്‍ പാലക്കാടന്‍, ഫൈസല്‍ ബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡോ. റൊമാന അസ്‌ലം, ഡോ. നുസ്രത്ത്, ഡോ. ജമീല സുല്‍ത്താന്‍, ഡൈസമ്മ മുകുന്ദന്‍ മിതു, അഞ്ചു, ചിഞ്ചു, ഹുമൈറ, സോണി, തബസ്സും, ഗ്ലാണ്ടി അനൂപ്, ഷഹല യാസീന്‍ എന്നിവരും മത്സരത്തില്‍ പങ്കാളികളായി. റഹീം ഉപ്പള, ജാഫര്‍ അബ്ദുസ്സലാം, അബ്ബാസ്, അവിനാശ്, ടിന്റു, മെഹബൂബ്, ലത്തീഫ്, അലവി, സുബൈര്‍, മുനീര്‍ താമരശ്ശേരി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.