റമദാനില്‍ ‘ലൈറ്റ് ഓഫ് അവര്‍ നൈറ്റ്’ ഒരുക്കി സാംസ്‌കാരിക മന്ത്രാലയം

റിയാദ്: റമദാന്‍ രാവുകള്‍ കൂടുതല്‍ ശോഭയുളളതാക്കാന്‍ സൗദി സാംസ്‌കാരിക മന്ത്രാലയം ഒരുക്കിയ ‘ലൈറ്റ് ഓഫ് അവര്‍ നൈറ്റ്’ ശ്രദ്ധ നേടുന്നു. പുണ്യ മാസവുമായി ബന്ധപ്പെട്ട അറബ് പൈതൃകം വിളംബരം ചെയ്യുന്ന വൈജ്ഞാനിക പ്രദര്‍ശനമാണ് മേളയിലെ മുഖ്യ ആകര്‍ഷണം.

റമദാന്‍ ദിന രാത്രങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് നാഗരികതയും സാംസ്‌കാരിക പൈതൃകവും പുതു തലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനാണ് 30 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവം. റമദാന്‍ സീസണില്‍ ആദ്യമായാണ് സാംസ്‌കാരിക മന്ത്രാലയം ഇത്തരത്തില്‍ മേള ഒരുക്കുന്നത്.

വാന നീരീക്ഷണം നടത്തുന്നതിനു തയ്യാറാക്കിയിട്ടുളള ജ്യോതിശാസ്ത്ര നിരീക്ഷണ ശാലയില്‍ റമദാനിലെ ചന്ദ്രന്റെ വിവധ ഘട്ടങ്ങള്‍ വിശദീകരിക്കുന്നു. ഇതിനു പുറമെ അത്യാധുനിക ബൈനോക്കുലര്‍ ഉപയോഗിച്ച് ചന്ദ്രക്കല കാണാന്‍ സന്ദര്‍കര്‍ക്ക് അവസരവുമുണ്ട്.

പരമ്പരാഗത അറബ് ഭക്ഷ്യ വിഭവങ്ങള്‍, റമദാനിലെ പ്രത്യേക വിഭവങ്ങള്‍, സൗദിയിലെ 13 പ്രവിശ്യകളിലെയും വിഭവങ്ങള്‍ ലൈവ് കുക്കറി ഷോയിലൂടെ പരിചയപ്പെടുത്താനും സൗകര്യമുണ്ട്. റമദാന്‍ വ്രതം സമ്മാനിക്കുന്ന മാനവിക മൂല്യങ്ങള്‍ പ്രമേയമാക്കിയ അറബിക് കാലിഗ്രഫി, ലൈറ്റ് ഷോ, വിവിധ കലാസൃഷ്ടികള്‍ എന്നിവയും പ്രദര്‍ശന നഗരിയിലെ കൗതുക കാഴ്ചകളാണ്.

റിയാദ് നഗരത്തില്‍ തുമൈരി സ്ട്രീറ്റില്‍ മസ്മക് കോട്ടയോട് ചേര്‍ന്നുളള വിശാലമായ പ്രദേശത്താണ് റമദാന്‍ സീസണ്‍ ആഘോഷ രാവ്. കരകൗശല നിര്‍മാണത്തില്‍ താത്പര്യമുളളവര്‍ക്ക് പരിശീലനം, വിശുദ്ധ ഖുര്‍ആന്റെ പ്രാചീന അക്ഷര രൂപം മുതല്‍ ആധുനിക എഴുത്തു ശൈലി വരെ പരിചയപ്പെടുത്തുന്ന അറബിക് ലിപി എന്നിവയെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ ജിദ്ദയിലെ അല്‍ബലദ്, ദമ്മാം വാട്ടര്‍ഫ്രണ്ട് എന്നിവിടങ്ങളിലും ‘ലൈറ്റ് ഓഫ് അവര്‍ നൈറ്റ്’ സാംസ്‌കാരികോത്സവം നടക്കുന്നുണ്ട്. മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഇഫ്താര്‍, അത്താഴ വിരുന്ന് എന്നിവ ഒരുക്കുന്ന അല്‍ തുറയ്യ ഡൈനിംഗും സജ്ജമാണ്.

Leave a Reply