Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

പ്രഥമ സൗദി സ്ഥാപക ദിനം: ആഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം

നൗഫല്‍ പാലക്കാടന്‍
റിയാദ്: പ്രഥമ സ്ഥാപക ദിനം ആഘോഷമാക്കാനൊരുങ്ങി സൗദി അറേബ്യ. മൂന്ന് ശതാബ്ദങ്ങള്‍ക്ക് മുമ്പ് ഹിജ്‌റ 1139ന്റെ മധ്യത്തില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് പ്രഥമ സൗദി രാഷ്ട്രം സ്ഥാപിച്ചത്. ഇതിന്റെ ഓര്‍മ്മ പുതുക്കുകയാണ് രാജ്യം. സ്ഥാപക ദിനം വര്‍ണ്ണാഭമാക്കാനുളള ഒരുക്കങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു. സൗദിയിലെ പ്രധാന നഗരങ്ങളെല്ലാം ആഘോഷ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കും. തലസ്ഥാന നഗരിയായ റിയാദിലെ പ്രധാന വിനോദ മേഖലയായ വാദി നിമാര്‍ ഉള്‍പ്പടെ 3500 കലാപ്രകടനങ്ങള്‍ അരങ്ങേറും. സ്ഥാപക ദിനത്തിന്റെ ആവേശം പ്രകടമാക്കുന്ന പ്രത്യേക വേഷം ധരിച്ചവര്‍ക്കാണ് ബോളീവാര്‍ഡില്‍ ഫെബ്രുവരി 22ന് പ്രവേശനമെന്ന് സംഘാടകര്‍ അറിയിച്ചു.

റിയാദ് സീസന്റെ പ്രധാന വേദിയായ ബോളീവാര്‍ഡ് രാജ്യത്ത് നടക്കുന്ന സൗദി സ്ഥാപക ദിന ആഘോഷത്തിന്റെ കേന്ദ്ര വേദിയാകും.’ദി ഫൗണ്ടിങ് ഓപ്പറേറ്റ’ എന്ന തലവാചകത്തില്‍ വിഖ്യാത സൗദി ഗായകന്‍ മുഹമ്മദ് അബ്ദുവിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ചരിത്രം പറയുന്ന സംഗീത നൃത്ത പരിപാടികള്‍ അരങ്ങിലെത്തും. ഫെബ്രുവരി 24 ന് വ്യാഴം കരിമരുന്ന് പ്രയോഗവും ആകാശത്ത് ഡ്രോണുകളുടെ അകമ്പടിയോടെ ചരിത്രമെഴുതി വര്‍ണ വിസ്മയം ഒരുക്കും. കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റിനും പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റിനുമിടയില്‍ ആസ്വാദകര്‍ക്ക് കാഴ്ചകള്‍ കാണാന്‍ സൗകര്യമൊരുക്കും. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ റിയാദിലെ ബത്ഹ നഗരത്തിനടുത്തുള്ള നാഷണല്‍ മ്യുസിയം പാര്‍ക്കില്‍ ആഘോഷ പരിപാടിയുടെ ഭാഗമായി മജിലിസുകളൊരുങ്ങും. രാജ്യത്തിന്റെ ചരിത്രം പറയാനും അറിയാനും പ്രതേക സംവാദ വേദികളാണ് മജിലിസിന്റെ പ്രധാന ആകര്‍ഷണം. പുരാതന സൂക്കുകള്‍ പ്രതേകം അലങ്കരിക്കും.

ഇവിടങ്ങളില്‍ ആതിഥേയത്വത്തിന്റെ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും സാമൂഹികവുമായ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന ഒട്ടനവധി പരിപാടികള്‍ക്കും കല പ്രകടനങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കും. ആഘോഷങ്ങളുടെ ഭാഗമാകാന്‍ ചെറുകിട വന്‍കിട സ്ഥാപനങ്ങളും ഇതര സേവന മേഖലകളും അവരുടെ ഉത്പന്നങ്ങള്‍ക്കു പ്രതേക ഓഫാറുകള്‍ പ്രഖ്യാപിച്ചിട്ടുണ്. സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങള്‍, പഴയകാല ചിത്രങ്ങള്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, അക്കാലത്തെ തെരുവ് ചന്തയുടെ ചിത്രം തുടങ്ങി പഴയ സൗദിയിലേക്ക് ശ്രദ്ധ തിരിക്കുന്ന ചിഹ്നങ്ങള്‍ ട്വിറ്റര്‍ സ്‌നാപ്പ് ചാറ്റ് ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്നുണ്ട്. സ്ഥാപക ദിനമായ ഫെബ്രുവരി 22 ഇനി എല്ലാ വര്‍ഷവും സൗദിയില്‍ പൊതുഅവധിയായിരിക്കും. 2005 ല്‍ അബ്ദുള്ള രാജാവിന്റെ ഭരണകാലത്താണ് സൗദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് രാജ്യത്ത് പൊതു അവധി നല്‍കുന്നത്. അതിന് ശേഷമുള്ള പൊതു അവധിയാണ് സൗദി സ്ഥാപക ദിനം. ശവ്വാല്‍ പെരുന്നാളിനും ബലി പെരുന്നാളിനും ദേശീയ ദിനത്തിനും പുറമെ ഒരു വാര്‍ഷിക അവധി കൂടി ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് രാജ്യത്തെ ജനങ്ങള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top