റിയാദ്: സൗദിയുടെ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം രക്തദാനം നടത്തുമെന്ന് നാഷണല്‍ കമ്മിറ്റി. അന്നം നല്‍കുന്ന രാജ്യത്തിന്റെ മണ്ണില്‍ ഉപജീവനത്തിനു വഴിയൊരുക്കിയ ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും രാജ്യത്തെ ജനതക്കും നന്ദിയര്‍പ്പിച്ചാണ് രക്തദാനം.
കെഎംസിസി പത്തു വര്‍ഷമായി തുടരുന്ന രക്തദാനം ഈ വര്‍ഷം കൂടുതല്‍ സജീവമായി രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ‘അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 23 മുതല്‍ 30 വരെ രാജ്യത്തെ ഇരുപതിലധികം കേന്ദ്രങ്ങളില്‍ കെഎംസിസി പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യും.
ആരോഗ്യമന്ത്രാലയത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ രക്തദാനം രാജ്യത്തെ വിവിധ ബ്‌ളഡ് ബാങ്കുകളിലെത്തിക്കുന്നതിന് മികച്ച ആസൂത്രണമാണ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രക്തദാന ക്യാമ്പില്‍ സംബന്ധിക്കും. കാമ്പയിന്‍ വന്‍വിജയിപ്പിക്കാന്‍ മുഴുവന്‍ സെന്‍ട്രല്‍കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും മുന്നൊരുക്കങ്ങള്‍ തുടങ്ങി. റിയാദ്, ജിദ്ദ, മക്ക, മദീന, ഖമീസ് മുശൈത്ത്, ദമാമം, ജിസാന്‍, തായിഫ് , ഖുന്‍ഫുദ, റാബിഗ്, തബൂക്ക്, യാമ്പു, ഹായില്‍, നജ്‌റാന്‍, അറാര്‍, അല്‍ഖര്‍ജ്, ബുറൈദ, വാദി ദവാസിര്‍ , ലൈല അഫലാജ്, ദാവാദ്മി, ബിഷ, അല്‍ ഖോബാര്‍, ജുബൈല്‍, ഖതീഫ്, തുഖ്ബ, അല്‍ഹസ്സ, അബ്‌ഖൈഖ്, ഖഫ്ജി, സുല്‍ഫി, ഹഫര്‍ അല്‍ ബാതിന്‍, നാരിയ, മഹായില്‍, അല്ലൈത്ത് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റികളാണ് രക്തദാന കാമ്പയിനില്‍ പങ്കെടുക്കുന്നത്. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സര്‍ക്കാര്‍ ആസ്പത്രികളില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തദാനം നിര്‍വഹിക്കുമെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, ചെയര്‍മാന്‍ ഏ പി ഇബ്രാഹിം മുഹമ്മദ്, വര്‍ക്കിംങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാ പദ്ധതി സമിതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.