Sauditimesonline

UMRA VISA
ഉംറ തീര്‍ഥാടകര്‍ക്ക് ഒരു വര്‍ഷം കാലാവധിയുളള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ആവേശം നെഞ്ചേറ്റി റിയാദ്; ഫൈനല്‍ കാണാന്‍ മാളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

റിയാദ്: ആവേശം കൊടുമുടി കയറിയ സ്‌പെയിന്‍-അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തോടെ റിയാദിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് ആവേശകരമായ സമാപനം. കേളി കലാസാംസ്‌കാരിക വേദിയുടെ സൈബര്‍ വിംഗ്, മലസ് ഏരിയ കമ്മിറ്റി, സ്‌പോര്‍ട്‌സ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഷോല മാളിലായിരുന്നു പത്ത് ദിവസത്തെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം. ഫൈനല്‍ മത്സരം ഒന്നിച്ച് ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം കുടുംബസമേതം ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്.
സൗദി സമയം രാത്രി പത്തിന് ആരംഭിച്ച ഫൈനലിനായി മാളില്‍ ഒരുക്കിയിരുന്ന ആയിരത്തോളം ഇരിപ്പിടങ്ങള്‍ എട്ടോടെ കായികപ്രേമികള്‍ കൈയടക്കിയിരുന്നു. തുടര്‍ന്നുമെത്തിയവരുടെ എണ്ണം ഇരിപ്പിട ശേഷിയുടെ ഇരട്ടിയോളമായതോടെ പിന്നീട് ജനസാഗരമായി മാറി. ഒടുവില്‍ നിരവധി പേര്‍ നിന്നുകൊണ്ടാണ് ആവേശപ്പോരാട്ടം നെഞ്ചേറ്റിയത്. ഫുട്‌ബോള്‍ പ്രേമികളുടെ വന്‍ പങ്കാളിത്തോടെ ഷോല മാളും പരിസരവും കളിമുറ്റത്തിന്റെ ഉത്സവാന്തരീക്ഷത്തിലേക്ക് വഴിമാറി.

സ്‌പെയിനിനും അര്‍ജന്റീനയ്ക്കുമായി ആവേശം അണപൊട്ടിയൊഴുകിയ ആരാധകക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കേളി വളണ്ടിയര്‍മാര്‍ക്കും കഠിനപ്രയത്‌നം നടത്തേണ്ടി വന്നു. ആവേശം അതിരുകടക്കാതെ, സുരക്ഷിതമായി മത്സരം കാണാന്‍ ആവശ്യമായ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പത്ത് ദിവസത്തെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെ ഓരോ ദിവസത്തെയും വിജയികളെ കൃത്യമായി പ്രവചിച്ചവര്‍ക്കായി സൈബര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ മെഗാ നറുക്കെടുപ്പും സമ്മാനവിതരണവും നടത്തിയിരുന്നു. ഇതും പ്രവാസികളായ ഫുട്‌ബോള്‍ പ്രേമികളുടെ പങ്കാളിത്തം ഇരട്ടിയാക്കാന്‍ കാരണമായി.
പത്ത് ദിവസം വന്‍ വിജയകരമായി നടന്ന പരിപാടിക്ക് വേദി ഒരുക്കിയ ഷോല മാളിനോടുള്ള ആദരസൂചകമായി കേളി സെക്രട്ടറി സുനില്‍ കുമാര്‍ മാള്‍ മാനേജര്‍ അബ്ദുവിന് ഉപഹാരം സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top