Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

ജനനായകന്റെ സ്മരണയില്‍ പ്രവാസി മനസ്സ്; ‘കുഞ്ഞുഞ്ഞോര്‍മ്മ’യുമായി റിയാദ് ഒഐസിസി

റിയാദ്: ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് മൂന്നാണ്ട് തികയുമ്പോള്‍ പ്രവാസലോകത്തും കണ്ണീരോര്‍മ്മകള്‍. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ‘കുഞ്ഞുഞ്ഞോര്‍മ്മയില്‍’ എന്ന പേരില്‍ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഒഐസിസിയുടെ വിവിധ കമ്മിറ്റി ഭാരവാഹികളും പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

അധികാരത്തിന്റെ ഉന്നതിയിലും സാധാരണക്കാരന്റെ വേദനകള്‍ക്ക് കാതോര്‍ത്ത ജനനായകനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് പറഞ്ഞു. അധികാര രാഷ്ട്രീയത്തിന് മാനുഷിക മുഖം നല്‍കിയ അദ്ദേഹത്തിന്റെ സേവന മനോഭാവം പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി മാള മുഹിയുദ്ധീന്‍ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും ജനങ്ങള്‍ക്കൊപ്പമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ യാത്ര. സ്‌നേഹവും കരുണയും മുഖമുദ്രയാക്കി പൊതുപ്രവര്‍ത്തനം നടത്തിയ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രവാചകനാണെന്നും ഷിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.

ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയും മൗനമാചരിച്ചുമാണ് പ്രവാസി സമൂഹം പ്രിയ നേതാവിന് പ്രണാമം അര്‍പ്പിച്ചത്. പ്രവാസ ലോകവുമായി അദ്ദേഹം പുലര്‍ത്തിയിരുന്ന ആത്മബന്ധവും പ്രതിസന്ധി ഘട്ടങ്ങളില്‍ നല്‍കിയ കൈത്താങ്ങും യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. എല്‍.കെ. അജിത്ത്, ഷാജി സോന, റഹ്മാന്‍ മുനമ്പത്ത്, അസ്‌ക്കര്‍ കണ്ണൂര്‍, ബഷീര്‍ കോട്ടയം, ബാലു കുട്ടന്‍, സജീര്‍ പൂന്തുറ, സെയ്ഫ് കായകുളം, അശ്‌റഫ് മേച്ചേരി, രാജു തൃശൂര്‍, ഷാജി മഠത്തില്‍, സന്തോഷ് ബാബു കണ്ണൂര്‍, ഒമര്‍ ഷരീഫ് കോഴിക്കോട്, ഷമീര്‍ മാളിയേക്കല്‍, ഷബീര്‍ വരിക്കാപ്പള്ളി, റഫീഖ് പട്ടാമ്പി, ഹാഷിം പാപ്പിനശ്ശേരി, ഷിബു ഉസ്മാന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ആലപ്പുഴ ജില്ലാ പ്രസിഡന്റ് കമറുദ്ധീന്‍ താമരക്കുളം സ്വാഗതവും, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും പറഞ്ഞു. നാദിര്‍ഷാ റഹ്മാന്‍, നാസര്‍ മാവൂര്‍, ജംഷി തുവ്വൂര്‍, ഷംസീര്‍ പാലക്കാട്, മൊയ്തീന്‍ മണ്ണാര്‍ക്കാട്, ഷറഫു ചിറ്റന്‍, ഹാഷിം ആലപ്പുഴ, ടോം ചാമക്കാലയില്‍, നേവല്‍ തൃശൂര്‍, ഹാഷിം കണ്ണാടിപറമ്പ്, സിദ്ധീഖ് പന്നിയങ്കര, അനീഷ് ഖാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top