‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ മുരളി തുമ്മാരുകുടി റിയാദില്‍ ഏറ്റുവാങ്ങുന്നു. (ഫയല്‍)
റിയാദ്: തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക ചെറുകഥാ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്. യുവരശ്മി ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ ചെറുകഥാ സമാഹാരത്തിന് തെരഞ്ഞെടുത്തത്. പ്രവാസ ലോകത്തെ മനുഷ്യ ബന്ധങ്ങളുടെ കഥകള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ജോസഫ് അതിരുങ്കല്‍ രണ്ടു പതിറ്റാണ്ടായി സാഹിത്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. കഥയും നോവലും ഉള്‍പ്പടെ ഏഴ് കൃതികള്‍ പ്രസിദ്ധീകരിച്ചു. ‘മിയ കുള്‍പ്പ’യാണ് പുതിയ നോവല്‍. 10,001 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
‘മോഡല്‍’ എന്ന കഥയ്ക്ക് 2005ലെ പൊന്‍ങ്കുന്നം വര്‍ക്കി നവലോകം പുരസ്‌കാരം ജോസഫ് അതിരുങ്കല്‍ നേടി. ഇണയന്ത്രം (ഖത്തര്‍ സമന്വയ), സമുദ്രം താണ്ടുന്ന കത്തുകള്‍ (സംസ്‌കൃതി ജിദ്ദ), വിശുദ്ധ സാത്താന്‍ (മെട്രോ മിററര്‍ മാഗസിന്‍, മുംബെ), ന്യുസ് ടൈം (അറ്റ്‌ലസ് കൈരളി ടിവി), അദൃശ്യ വിതാനങ്ങളില്‍ നിന്നൊരാള്‍ (പ്രതീക്ഷ പബ്ലിക്കേഷന്‍സ്, തൃശൂര്‍), നാട്ടിലെ മകളുടെ അമ്മ (പ്രവാസി മലയാളി സാഹിത്യ സംഘം, ഗോവ) തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
പ്രതീക്ഷയുടെ പെരുമഴയില്‍(വീനസ് പ്രസ്സ്, കോന്നി), പുലിയും പെണ്‍കുട്ടിയും (റെയിന്‍ബോ പബ്ലിക്കേഷന്‍സ്), ഇണയന്ത്രം (സാഹിത്യ പ്രവര്‍ത്തക സംഘം), പാപികളുടെ പട്ടണം (ചിന്ത പബ്ലിക്കേഷന്‍സ്), ഗ്രിഹര്‍ സംസ യുടെ കാമുകി, ജോസഫ് അതിരുങ്കലിന്റെ കഥകള്‍ (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്) എന്നിവയാണ് ജോസഫ് അതിരുങ്കലിന്റെ കൃതികള്‍.
കവിയും നോവലിസ്റ്റുമായ തെങ്ങമം ഗോപകുമാര്‍ ചെയര്‍മാനും പി. ശിവന്‍കുട്ടി, സി. ഗോപിനാഥന്‍, ഷീബാലാലി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. ഡിസംബറില്‍ നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യപ്പെടും
നോവല്‍ വിഭാഗത്തില്‍ എം.പി. ലിപിന്‍ രാജിന്റെ ‘മാര്‍ഗരീറ്റ’, ഇടക്കുളങ്ങര ഗോപന്റെ കവിതാ സമാഹാരം പയ്യെ എന്നിവയും പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. സംശുദ്ധമായ സേവന പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്ത് പ്രതിഭ തെളിയിച്ച തെങ്ങമം ബാലകൃഷണന്റെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.