നൗഫല്‍ പാലക്കാടന്‍
റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദിന സന്ദര്‍ശനത്തിന് തിങ്കളാഴ്ച സൗദി അറേബ്യയിലെത്തും. റിയാദില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപക സംഗമമായ ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണമാണ് പ്രധാന പരിപാടി. ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തും. സല്‍മാന്‍ രാജാവിെന്റ ക്ഷണം സ്വീകരിച്ചാണ് മോദി സൗദിയിലെത്തുന്നത്. പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന പൊതു പരിപാടി ഇല്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കും.
സൗദിയിലെ വിവിധ മന്ത്രിമാരും വകുപ്പു മേധാവികളും പങ്കെടുക്കുന്ന യോഗത്തിലും സംബന്ധിക്കും. ഇന്ന് രാത്രിയില്‍ റിയാദിലെത്തുന്ന പ്രധാനമന്ത്രിക്ക് ചൊവ്വാഴ്ച രാവിലെ മുതല്‍ തിരക്കിട്ട പരിപാടികളാണുള്ളത്. മന്ത്രിമാരുമായുളള കൂടിക്കാഴ്ചകള്‍ക്കു ശേഷം ഉച്ചക്ക് സല്‍മാന്‍ രാജാവൊരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. ഉഭയകക്ഷി പ്രധാന്യമുളള നിരവധി കരാറുകളില്‍ ഒപ്പുവെക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് ആഗോള നിക്ഷേപക സംഗമത്തിന്റെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യും. കിരീടാവകാശി ഒരുക്കുന്ന അത്താഴ വിരുന്നിലും സംബന്ധിച്ച ശേഷം രാത്രിയില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.