
റിയാദ്: സംവിധാന മികവിന് റിയാദിലെ പ്രവാസി ഷാജു വാലപ്പന് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധാനം ചെയ്ത ‘നിഴല്‍ വ്യാപാരികള്‍’ എന്ന ചിത്രം മികച്ച നവാഗത സംവിധായകനുള്ള 49-ാമത് പുരസ്‌കാരം നേടി.
ആധുനിക ഇന്ത്യയിലെ ജാതിവിവേചനവും ദളിത് യുവാവിന്റെ അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും അവഗണന നേരിടുന്ന യുവാവ് അഴിമതിക്കും മായം ചേര്‍ക്കലിനുമെതിരെ നടത്തുന്ന പോരാട്ടം ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ഗൗരവമേറിയ സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ഇതിനോടകം അന്താരാഷ്ട്ര വേദികളിലും ശ്രദ്ധ നേടിയിട്ടുണ്ട്.

രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 11-ാമത് സത്യജിത്ത് റേ ഗോള്‍ഡന്‍ ആര്‍ക്ക് അവാര്‍ഡ് എന്നിവയിലും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഷാജു വാലപ്പനെ തേടിയെത്തിയിരുന്നു. ഷാജു വാലപ്പന്റെ നിര്‍മ്മാണക്കമ്പനി വാലപ്പന്‍ ക്രിയേഷന്‍സിന് ഇത്തവണ ഇരട്ട മധുരമാണുള്ളത്. കമ്പനി നിര്‍മ്മിച്ച ‘സ്വാലിഹ്’ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായും തിരഞ്ഞെടുത്തു.

ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധിക്ക് പറവൂര്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ദീര്‍ഘകാലമായി റിയാദില്‍ വ്യവസായിയായ ഷാജു വാലപ്പന്‍, കലയോടുള്ള അഭിനിവേശമാണ് സിനിമാ നിര്‍മ്മാണം, സംവിധാനം എന്നീ രംഗങ്ങളിലേക്ക് തിരിഞ്ഞത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






