
റിയാദ്: സൗദി അറേബ്യയുടെ വിദേശ നാണ്യ ശേഖരം 1.87,500 കോടി റിയാലായി ഉയര്‍ന്നു. കഴിഞ്ഞ മാസം 5,000 കോടി റിയാലിന്റെ വര്‍ധനവ് ഉണ്ടായി. ഇതോടെയാണ് 50,000 കോടി ഡോളറിന് തുല്യമായ നാണ്യ ശേഖരത്തിലെത്താന്‍ കഴിഞ്ഞതെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഗവര്‍ണര്‍ അഹമദ് അല്‍ ഖുലൈഫി പറഞ്ഞു. സാമ്പത്തിക മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
വ്യവസായ, വാണിജ്യ മേഖലയില്‍ രാജ്യം മികച്ച വളര്‍ച്ചയാണ് കൈവരിച്ചിട്ടുളളതെന്ന് സാമ്പത്തിക ആസൂത്രണ വകുപ്പ് മന്ത്രി അഹമദ് അല്‍ തുവൈജിരി പറഞ്ഞു. നിക്ഷേപങ്ങള്‍ക്കു അനുയോജ്യമായ സാഹചര്യമാണ് നിലവിലുളളത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ലോക രാജ്യങ്ങളുമായി ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ തുടരുകയാണ്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുളള പദ്ധതികള്‍ ലക്ഷ്യം കാണുന്നുണ്ട്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുവാനും കഴിഞ്ഞു. ഇതെല്ലാം രാജ്യത്തിന്റെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സൗദി അരാംകോയുടെ അഞ്ച് ശതമാനം ഓഹരികള്‍ വില്‍പ്പന നടത്തും. ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത അരാംകോ സി ഇ ഒ എഞ്ചിനീയര്‍ അമീന്‍ അല്‍ നാസിര്‍ പറഞ്ഞു. ഗ്യാസ് കയറ്റുമതി ഈ വര്‍ഷം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് എണ്ണ വരുമാനത്തിന് പുറമെ അധിക വരുമാനം നേടിയെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.