Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

സൗദി ‘ഗസ്റ്റ് വിസ’: പ്രതീക്ഷയോടെ വ്യാപാരികള്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് താമസ രേഖയായ ഇഖാമ ആധാരമാക്കി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഗസ്റ്റ് വിസയില്‍ സൗദിയിലേക്ക് കൊണ്ടുവരാന്‍ അവസരം ഒരുങ്ങുന്നു. ഇതോടെ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. ഇടക്കാലത്ത് വന്ന പല നിയമങ്ങളും ചെറുകിടക്കാര്‍ക്ക് തിരിച്ചടിയായിരുന്നെങ്കിലും വിസ നിയമത്തില്‍ വരാനിരിക്കുന്ന മാറ്റം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. നിതാകാത്ത് നിയമം വന്നത് മുതല്‍ സൗദിയില്‍ നിന്ന് സാധാരണ തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് സജീവമായിരുന്നു. പിന്നീട് ഇഖാമ പുതുക്കാന്‍ വലിയ തുക ലെവി വന്നതോടെ സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലായി. അതിനിടയില്‍ ഫാമിലി സന്ദര്‍ശക വിസയുടെ സ്റ്റാമ്പിങ് ചാര്‍ജ് 200 നിന്ന് 2000 സൗദി റിയായാലായി കുത്തനെ ഉയര്‍ത്തിയത്. ഇതോടെ സന്ദര്‍ശകരുടെ വരവും കുറഞ്ഞു. പിന്നീട് സ്റ്റാമ്പിങ് ചാര്‍ജ് വെട്ടി ചുരുക്കിയെങ്കിലും പ്രതീക്ഷക്കനുസരിച്ച് ഉയര്‍ന്നില്ല. പലകാരണങ്ങളാല്‍ ചെറിയ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്നു. എന്നാല്‍ പുതിയ വിസ നിയമം പ്രാബല്യത്തിലാകുകയാണെങ്കില്‍ റിയാദ് ബത്ത, ജിദ്ദ ഷറഫിയ്യ, ദമ്മാം, അസീര്‍, ഖമീസ് മുശൈത്ത് തുടങ്ങി വിവിധ പ്രവിശ്യകളിലെ നഗരങ്ങളെല്ലാം തിരക്കുള്ള പ്രതാപകാലത്തേക്ക് തിരിച്ചെത്തും.

മിനിസൂപ്പര്‍ മാര്‍ക്കറ്റ്, കഫ്റ്റീരിയ, റസ്‌റ്റോറന്റ്, ഫാര്‍മസികള്‍, ട്രാവല്‍ തുടങ്ങി എല്ലാ മേഖലകളും സജീവമാകും. നിലവില്‍ ഇഖാമയില്‍ ഭാര്യ, മക്കള്‍, പിതാവ്, മാതാവ്, ഭാര്യ പിതാവ്, ഭാര്യ മാതാവ് എന്നിവരെ മാത്രമേ കൊണ്ടുവരാന്‍ അനുമതിയുളളൂ. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മുമ്പ് സൗദിയില്‍ ഏതെങ്കിലും രീതിയില്‍ നിയമലംഘനത്തില്‍ പെട്ട് രാജ്യത്തേക്ക് പ്രവേശിക്കാനാകാത്ത വിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടാത്ത ആര്‍ക്കും ഗസ്റ്റ് വിസയില്‍ സൗദിയിലെത്താം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top