ബസ് മറിഞ്ഞ് 20 ഉംറ തീര്‍ഥാടകര്‍ മരിച്ചു; പരിക്കേറ്റവരില്‍ ഇന്ത്യക്കാരും

റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര്‍ മരിച്ചു. ഇവര്‍ ബംഗ്‌ളാദേശ് പൗരന്‍മാരാണ്. ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരായ മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നിവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അബഹ-മഹായില്‍ റൂട്ടില്‍ അഖബാത് ശാര്‍ ചുരത്തിലാണ് ബസ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് മിറഞ്ഞ ബസില്‍ ഭാഗികമായി അഗ്‌നി പടര്‍ന്നു. ഇതാണ് അപകടത്തില്‍ ഇത്രയും പേര്‍ മരിക്കാന്‍ ഇടയാക്കിയത്. 29 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അസീറിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരില്‍ യമന്‍, സുഡാന്‍, ഈജിപ്ത്, പാക്കിസ്താന്‍ പൗരന്‍മാരും ബസില്‍ ഉണ്ടായിരുന്നു. ഇവരെ മഹായില്‍ ജനറല്‍ ആശുപത്രി, അബഹ ആശുപത്രി, സൗദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 27ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. ബംഗ്‌ളാദേശ് പൗരന്‍മാരുടെ നിയന്ത്രണത്തിലുളള ഉംറ തീര്‍ഥാടക സംഘമാണ് അപകടത്തില്‍പെട്ടത്. ബസിന്റെ ബ്രേക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡിലെ കൈവരി തകര്‍ത്ത് ബസ് മറിയുകയായിരുന്നു. സിവില്‍ ഡിഫന്‍സും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave a Reply