വിദേശത്ത് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ 403; ഒഴിപ്പിച്ച വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍

ദല്‍ഹി: ഉന്നത വിദ്യാഭ്യാസം തേടി വിദേശ യൂനിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ 403 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളില്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. ഹൈദരാബാദ് നിന്ന് വിദേശ പഠനത്തിന് പോയ ശ്രേയസ് റെഡ്ഡി കഴിഞ്ഞ ദിവസം അമേരിക്കയിലെ ഓഹയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ വിദേശ രാജ്യങ്ങളില്‍ മരിച്ചവരുടെ വിവരങ്ങള്‍ രാജ്യ സഭയെ അറിയിച്ചത്.

91 വിദ്യാര്‍ഥികള്‍ മരിച്ച കാനഡയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. യുകെ-48, റഷ്യ-40, ഓസ്‌ട്രേലിയ-35, അമേരിക്ക-36, യുക്രൈന്‍-21, ജര്‍മനി-20, സൈപ്രസ്-14, ഇറ്റലി-10, ഫിലിപ്പീന്‍സ്-10, എന്നിങ്ങനെയാണ് രാജ്യം തിരിച്ചു മരിച്ചവരുടെഎണ്ണം. കൊലപാതകം, വാഹനാപകടം, മുങ്ങിമരണം, സ്വഭാവിക മരണം, ഗുരുതര രോഗങ്ങളെ തുടര്‍ന്നുളള മരണം എന്നിവയെല്ലാം മരണത്തിന് കാരണമാണ്.

അതേസമയം, മൂന്നു വര്‍ഷത്തിനിടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 23,906 ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിവിധ രാജ്യങ്ങളില്‍ നിന്നു ഒഴിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര സംഘര്‍ഷം, യുദ്ധം, പകര്‍ച്ച വ്യാധി തുടങ്ങിയ സംന്ദര്‍ഭങ്ങളിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചത്. രക്ഷപ്പെടുത്തിയവരില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ മലയാളികളാണ്. 3636 വിദ്യാര്‍ഥികളെയാണ് കേരളത്തിലെത്തിച്ചത്. ഉത്തര്‍പ്രദേശ്-2862, തമിഴ്‌നാട്-1854, ഗുജറാത്ത്-1546, ഹരിയാന-1503, മഹാരാഷ്ട്ര-1470, ബീഹാര്‍-1402, കര്‍ണാകട-1072, രാജസ്ഥാന്‍-1054 എന്നിവിടങ്ങളിലുളള വിദ്യാര്‍ഥികളെയും ഇന്ത്യയിലെത്തിച്ചു.

വിദേശ രാജ്യങ്ങളില്‍ അടിയന്തിര സഹായം ആവശ്യമുളള വിദ്യാര്‍ഥികള്‍ക്ക് മിഷന്‍ പോസ്റ്റ്, മദദ് പോര്‍ട്ടല്‍ എന്നിവ വഴി ആവശ്യങ്ങള്‍ അറിയിക്കാം. ടെലിഫോണ്‍, ഇമെയില്‍ എന്നിവ വഴിയും ബന്ധപ്പെടാം. ഭക്ഷണം, താമസം, ചികിത്സ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നത് ഉള്‍പ്പെടെയുളള സഹായം ലഭ്യമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply