Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ബജറ്റില്‍ പ്രവാസികളെ കേന്ദ്രം തഴഞ്ഞെങ്കിലും കേരളം കനിഞ്ഞു: കേളി

റിയാദ്: കേന്ദ്ര സര്‍ക്കാര്‍ ശത്രുതാപരമായ സമീപനം സ്വീകരിച്ച് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും ജന ക്ഷേമം ഉറപ്പുവരുത്താന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് കേളി കലാ സാംസ്‌കാരിക വേദി. കേന്ദ്ര ബജറ്റില്‍ പ്രവാസികളെ പൂര്‍ണമായും അവഗണിച്ചപ്പോള്‍ കേരള ബജറ്റില്‍ 44 കോടി രൂപ പുനഃരധിവാസത്തിനായി വകയിരുത്തി. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവര്‍ക്ക് ചികിത്സാസഹായം, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള വായ്പ തുടങ്ങിയ പദ്ധതികള്‍ക്ക് തുക വകയിരുത്തിയത് ആശ്വാസകരമാണ്.

വിവിധ പദ്ധതികള്‍ക്കായി 257.81 കോടി രൂപ വകയിരുത്തിയതില്‍ 143.81 കോടി രൂപ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ്. സുസ്ഥിര ജീവനോപാധി പുനരധിവാസ പദ്ധതിയായ എന്‍ഡിപിആര്‍ഇഎമ്മിന് 25 കോടിരൂപയും സാന്ത്വന പദ്ധതിക്ക് 33 കോടിരൂപയും വിവിധ ക്ഷേമ പദ്ധതികള്‍ക്കായി 12 കോടി രൂപയുമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികള്‍ക്കായി വകയിരുത്തിയത്.

പ്രവാസികള്‍ക്ക് ഏറെ ആശ്വസം പകരുന്ന ‘സാന്ത്വന’ പദ്ധതിയിലൂടെ, കുറഞ്ഞത് രണ്ട് വര്‍ഷം വിദേശത്ത് ജോലി ചെയ്ത് മടങ്ങി വന്ന മലയാളികള്‍ക്ക് 50,000 രൂപ വരെ ചികിത്സാ സഹായവും ഒരു ലക്ഷം രൂപവരെ മരണാനന്തര ധനസഹായവും 15,000 രൂപവരെ വിവാഹ ധനസഹായവും നല്‍കുന്നുണ്ട്. വൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ 10000 രൂപയും ഒറ്റതവണയായി നല്‍കുന്നുണ്ട്. 33 കോടിരൂപയാണ് ഇതിനായി ബജറ്റില്‍ നീക്കിവെച്ചത്.

പൊതു വിദ്യാഭ്യാസ മേഖലക്ക് 1,736 കോടിയിലധികം മാറ്റി വെച്ചപ്പോള്‍ 457 കോടി ഉന്നത വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചത്തിലൂടെ പ്രവാസികളുടെ കുട്ടികള്‍ക്കും തുടര്‍പഠനത്തിന് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപെടുമെന്ന് കരുതാം.

സംസ്ഥാനത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യം വെച്ചുള്ള ബജറ്റ് സാമൂഹ്യസുരക്ഷ ഉറപ്പു നല്‍കുന്നു. പൊതുമേഖല ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വകാര്യമേഖലയെ ആകര്‍ഷിക്കാനും ബജറ്റില്‍ പദ്ധതികളുണ്ട്. ഇത് പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും ശുഭപ്രതീക്ഷ നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിനേയും ധനമന്ത്രി കെ എന്‍ ബാലഗോപാലനെയും കേളി കലാസാംസ്‌കാരിക വേദി അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top