
റിയാദ്: മാധ്യമങ്ങളുടെ കോര്‍പറേറ്റ്‌വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് മാധ്യമങ്ങള്‍. പുതിയ കാലത്ത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ മറച്ചുവെക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതായും ചര്‍ച്ചാ സംഗമം ചൂണ്ടിക്കാട്ടി. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സാംസ്‌കാരിക പ്രവര്‍ത്തകന്‍ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

സ്വാതന്ത്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രവാസി സാംസ്‌കാരിക വേദി നേതാവ് അജ്മല്‍ ഹുസൈന്‍ അവതരണം നടത്തി. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യത്തിന് ഗുരുരമായ പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചിഹ്നങ്ങള്‍ പോലും ഭരണകൂടം സ്വന്തം താല്‍പര്യങ്ങള്‍ക്കായി മാറ്റുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. മൂന്ന് വിഷയങ്ങളിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മലയാള മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയം മാധ്യമ പ്രവര്‍ത്തകന്‍ വിജെ നസ്‌റുദ്ദീന്‍ അവതരിപ്പിച്ചു.

ചെറുതും വലുതുമായ മാധ്യമങ്ങളും പത്രികകളും അക്കാലത്ത് അതിജീവിക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രം അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കാലത്തും മാധ്യമങ്ങള്‍ സമാനമായ പ്രതിസന്ധി അനുഭവിക്കുന്നതായി ഭരണഘടനാ സംരക്ഷണത്തിന്റെ പ്രസക്തി എന്ന വിഷയത്തിലെ അവതരണത്തിലൂടെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ മൂസാ കൊമ്പന്‍ പറഞ്ഞു. ഭരണഘടനയുടെ ചട്ടങ്ങള്‍ ഓരോന്നോരോന്നായി ലംഘിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളും അസത്യങ്ങളും അര്‍ധ സത്യങ്ങളും അജണ്ടകളുടെ ഭാഗമായി പ്രചരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയാ കാലത്ത് തത്സമയം ഇത്തരം അജണ്ടകള്‍ വെളിച്ചത്ത് കൊണ്ടു വരാനാകുന്നതായും അദ്ദേഹം വിശദീകരിച്ചു.

കെഎംസിസിയുടെ യു പി മുസ്തഫ, ഒഐസിസിയുടെ സലീം കളക്കര, കേളി സാംസ്‌കാരിക വേദി നേതാവ് ടി ആര്‍ സുബ്രഹ്മണ്യന്‍, നവോദയ സാംസ്‌കാരിക വേദി നേതാവ് സുധീര്‍ കുമ്മിള്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകരം മാധ്യമ സ്ഥാപനങ്ങളുടെ നിലപാടുകളെയാണ് ചോദ്യം ചെയ്യേണ്ടതെന്ന് ചര്‍ച്ച ഉപസംഗ്രഹിച്ച് റിംഫ് രക്ഷാധികാരിയും മാധ്യമ പ്രവര്‍ത്തകനുമായ നജീം കൊച്ചുകലുങ്ക് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ സ്ഥാപനങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ മാത്രമാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തനവും പുനര്‍വിചാരണക്ക് വിധേയമാകണമെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ചര്‍ച്ചാ സംഗമം.
റിംഫ് ഇവന്റ് കോഡിനേറ്റര്‍ ഷഫീഖ് കിനാലൂര്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഫ്താബു റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ജലീല്‍ ആലപ്പുഴ നന്ദിയും പറഞ്ഞു. ഷിബു ഉസ്മാന്‍, നാദിര്‍ഷാ, മുജിബ് താഴത്തെതില്‍, കബീര്‍ പാവുമ്പ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






