Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

വോട്ട് കൊള്ളക്കെതിരെ അണിനിരക്കുക: പ്രവാസി വെല്‍ഫെയര്‍

റിയാദ്: മത നിരപേക്ഷ ഇന്ത്യയുടെ അടയാളങ്ങള്‍ പിഴുതു മാറ്റാനും ജനാധിപത്യത്തിന്റെ ആണിക്കല്ലായ പൗരാവകാശങ്ങള്‍ ധ്വംസിക്കാനും ശ്രമിക്കുന്ന വോട്ട് കൊള്ളക്കെതിരെ അണിനിരക്കാന്‍ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രോവിന്‍സ് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ എന്ന സെമിനാറില്‍ റിയാദിലെ മാധ്യമ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

പ്രവാസി ദേശീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. പൗരത്വം തകര്‍ക്കുന്ന പ്രവണതകളെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കുമെന്നും പൗരസ്വാതന്ത്ര്യവും വോട്ടാവകാശവും ഉള്‍ക്കൊള്ളുന്ന ഭരണഘടന സംരക്ഷിക്കുവാന്‍ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ ജയന്‍ കൊടുങ്ങല്ലൂര്‍ ‘ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ ഡി, റേഷന്‍ കാര്‍ഡ് എന്നിവയൊന്നും പൗരത്വ രേഖയെല്ലെന്ന് പറയുന്നത് വിചിത്ര വാദമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതിപൂര്‍വ്വം പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം നേടിയ വികസനത്തെ പ്രതിക്കൂട്ടിലാക്കുന്ന ഭയം, പരിഹാസം, യുദ്ധം എന്നിവയെല്ലാം ഫാഷിസത്തിന്റെ ആയുധമാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു.

ജനാധിപത്യ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം ചരിത്രത്തില്‍ അവര്‍ ചെയ്ത തെറ്റുകളുടെ പേരില്‍ ക്രൂശിക്കേണ്ട സാഹചര്യമല്ല ഇന്നത്തേതെന്ന് റിയാദ് മീഡിയ ഫോറം രക്ഷാധികാരി വി ജെ നസ്‌റുദ്ദീന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി, ഭരണകൂട വേട്ടക്കിരയായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമ സാംസ്‌കാരിക പ്രതിഭകള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ജനിച്ചു എന്നത് തന്നെയാണ് പൗരത്വത്തിന്റെ തെളിവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലോ വികസനത്തിലോ ഒരു പങ്കും വഹിക്കാത്തവരുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങേണ്ടവരല്ല ഇന്ത്യന്‍ ജനതയെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തില്‍ പ്രത്യേക പ്രതിജ്ഞ ബാരിഷ് ചൊല്ലി കൊടുക്കുകയും സദസ്സ് ഏറ്റു പറയുകയും ചെയ്തു. നാഷണല്‍ കമ്മിറ്റിയംഗം അഷ്‌റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ശമീം ആലുവ ‘ഗാന്ധി’ എന്ന കവിത ആലപിച്ചു. മലസ് ചെറീസ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറിലധികം പേര്‍ സംബന്ധിച്ചു. അഡ്വ. ഷാനവാസ്, അബ്ദുറഹ്മാന്‍ എ പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രവാസി സെക്രട്ടറി അഫ്‌സല്‍ ഹുസൈന്‍ നന്ദി പ്രകാശിപ്പിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top