Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

‘അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം’ ദേശീയ ദിനത്തില്‍ കെഎംസിസി ഐക്യദാര്‍ഢ്യം

റിയാദ്: സൗദിയുടെ തൊണ്ണൂറ്റി അഞ്ചാം ദേശീയ ദിനാഘോഷത്തില്‍ രക്തം ദാനം ചെയ്തു കെഎംസിസി നാഷനല്‍ കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം. ‘അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയത്തില്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ രക്തം ദാനം ചെയ്തു.

രാജ്യത്തോടും ഭരണകൂടത്തോടും ജനതയോടും കടപ്പാട് പ്രഖ്യാപിക്കുന്നതിനാണ് രക്ത ദാനം. ജീവിതത്തിന് നിറം പകര്‍ന്നു നല്‍കിയ രാജ്യത്തോടു നന്ദിയോടെ രക്തദാനം നിര്‍വഹിച്ച കെഎംസിസി പ്രവര്‍ത്തകരെ നാഷനല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്കുട്ടി, പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള എന്നിവര്‍ അഭിനന്ദിച്ചു. അധികൃതരുടെയും സ്വദേശികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ രക്തദാനം സൗദിയിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറി.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെത്തി രക്തം ദാനം ചെയ്ത കെഎംസിസി കമ്മിറ്റികളെയും പ്രവര്‍ത്തകരെയും ഉജ്ജ്വലമായാണ് അധികൃതര്‍ സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരരാണ് രക്തദാന ചടങ്ങില്‍ സംബന്ധിച്ചത്. കമ്മിറ്റികള്‍ക്കും നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും മന്ത്രാലയവും ആശുപത്രി മാനേജ്‌മെന്റും പ്രശംസ പത്രം സമ്മാനിച്ചു ആദരിച്ചു.

സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ ദശദിന രക്തദാന കാമ്പയിന്‍ നടക്കും. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് വിവിധ നഗരങ്ങളിലുള്ള മുപ്പത്തി ആറ് സെന്‍ട്രല്‍ കമ്മിറ്റികള്‍ വഴി രക്ത ദാനം. രാജ്യത്തിന്റെ മണ്ണില്‍ ഉപജീവനത്തിനു വഴിയൊരുക്കി തന്ന ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും സൗദി ജനതക്കും തൊഴിലുടമകള്‍ക്കും നന്ദിയര്‍പ്പിക്കുകയാണ് രക്തദാനം വഴി മലയാളി സമൂഹം.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കി വിദേശികള്‍ക്ക് തുണയായ ഭരണകൂടത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള കടപ്പാട് പ്രഖ്യാപിക്കാന്‍ ജീവരക്തം നല്‍കുന്നതിലപ്പുറം മറ്റൊന്നും നല്‍കാനില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി 2012 മുതല്‍ ആരംഭിച്ച രക്തദാനം 13 വര്‍ഷം പിന്നിടുകയാണ്. ഓരോ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരകണക്കിന് യൂനിറ്റ്രക്തമാണ് ദാനം ചെയ്യുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top