
റിയാദ്: കുരുന്നുകളുടെ ഭാവനകളില്‍ വര്‍ണം വിരിഞ്ഞ മനോഹര കാഴ്ചയൊരുക്കി കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി ചിത്ര രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഷോലാ മാളിലെ അല്‍ വഫ ഹൈപ്പര്‍ മാര്‍ക്കറ്റുമായി ചേര്‍ന്നാണ് ആറാമത് കളര്‍ ഫെസ്റ്റ് ഒരുക്കിയത്. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു.

കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായിരുന്നു മത്സരം. ഓരോ വിഭാഗത്തിലും കുട്ടികള്‍ അവതരിപ്പിച്ച ചിത്രങ്ങള്‍ വര്‍ണ്ണസൗന്ദര്യവും ആശയവൈവിധ്യവും നിറഞ്ഞതായിരുന്നു. പ്രവാസി സമൂഹത്തിലെ പുതിയ തലമുറയുടെ കലാസൃഷ്ടികള്‍ക്ക് ശക്തമായ പ്രോത്സാഹനം നല്‍കുന്ന വേദിയായി കളര്‍ ഫെസ്റ്റ് മാറി.

കിഡ്‌സ് വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹിസ നവീന്‍ കുമാര്‍ ഒന്നാം സ്ഥാനം നേടി. യാര സ്‌കൂളിലെ മഹിറ സദഫ് രണ്ടാം സ്ഥാനവും ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂളിലെ ആന്‍ഡ്രി ജാസണ്‍ മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ യാര സ്‌കൂളിലെ മൈമൂന റിദയ്ക്കാണ് ഒന്നാം സ്ഥാനം. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഫര്‍നാസ് ഫാത്തിമ ഖാന്‍ രണ്ടാം സ്ഥാനവും യാര സ്‌കൂളിലെ മഹിറ അനാം മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഹനാന്‍ കെ.കെ ഒന്നാം സ്ഥാനവും ഗൗരിനാഥ് ശ്രീജിത്തും (ഇരുവരും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും, യാര സ്‌കൂളിലെ ജെസ് വിന്‍ അന്ന നിഷാന്ത് മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ അല്‍ യാസ്മീന്‍ സ്‌കൂളിലെ അഖിഷാദ് മജേഷ് ഒന്നാം സ്ഥാനവും യാര സ്‌കൂളിലെ ഹിബ സുബൈര്‍ രണ്ടാം സ്ഥാനവും ആഷിഖ നിഷിത്ത് മൂന്നാം സ്ഥാനവും നേടി.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കു അല്‍ വഫ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്വര്‍ണ്ണ നാണയം സമ്മാനിക്കും. രണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് ലാപ്‌ടോപ്പ്, ടാബ് എന്നിവയും സമ്മാനങ്ങളായി വിതരണം ചെയ്തു. ബെസ്റ്റ് പെര്‍ഫോമറായി തെരഞ്ഞെടുത്ത ഹനാന്‍ കെ.കെക്ക് ഗള്‍ഫ് എയര്‍ നല്‍കുന്ന വിമാന ടിക്കറ്റ് സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഓരോ വിഭാഗത്തിലെയും മികച്ച രചനകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളീം വിതരണം ചെയ്യും. കോഴിക്കോട് ജില്ല ഒ.ഐ.സി.സി കമ്മിറ്റിയുടെ ജില്ലയിലെ മണ്ഡലങ്ങളില്‍ നിര്‍മ്മിക്കുന്ന ‘ഇന്ദിരാജി സ്‌നേഹഭവന’ പദ്ധതിയുടെ ഭാഗമായിരുന്നു മത്സരം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






