Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ

മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒളിവില്‍ കഴിഞ്ഞ മുഖ്യ പ്രതി പിടിയില്‍

വി പി മുഹമ്മദാലി

റിയാദ്: ജിദ്ദയിലെ മലയാളി വ്യവസായ പ്രമുഖന്‍ വി പി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി പിടിയില്‍. മലപ്പുറം പൂങ്ങോട് പീടിയേക്കല്‍ സിയാസ് (54) ആണ് പിടിയിലായത്. പ്രതികളില്‍ ഒരാളെ സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അയാളില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമായി. എന്നാല്‍ ക്വാട്ടേഷന്‍ നല്‍കിയ പ്രതി വിദേശത്തേക്ക് കടന്നു. മടങ്ങിയെത്തി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തന്ത്രപൂര്‍വ്വം പ്രതിയെ എടവണ്ണയില്‍ നിന്നു കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 6നാണ് ചാലിശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊഴിക്കാട്ടിരി പാലത്തിന് സമീപം വണ്ടൂര്‍ സ്വദേശിയും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറുമായ വി പി മുഹമ്മദാലിയെ തട്ടിക്കൊണ്ടു പോയത്.
വണ്ടൂരില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കു മുഹമ്മദാലി സഞ്ചരിച്ചിരുന്ന ടൊയോട്ട വെല്‍ഫയര്‍ കാര്‍ അക്രമി സംഘം തടഞ്ഞു നിര്‍ത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മറ്റൊരു കാറില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു.

ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങി അജ്ഞാത കേന്ദ്രത്തില്‍ രാത്രി ചെലവഴിച്ച മുഹമ്മദാലിക്ക് അക്രമി സംഘം കാവലിരുന്നു. എന്നാല്‍ മദ്യപിച്ച് ബോധം നഷ്ടപ്പെട്ട സംഘം മയങ്ങിയതോടെ സാഹസികമായി രക്ഷപ്പെട്ട് പുലര്‍ച്ചെ മസ്ജിദില്‍ അഭയം തേടി. നാട്ടുകാരും പൊലീസും ചേര്‍ന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയതോടെയാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

മുഹമ്മദാലിയുടെ വിശ്വസ്തനും, നാട്ടിലെ സംരംഭങ്ങളുടെ കാര്യസ്ഥനുമായിരുന്നു മുഖ്യ പ്രതി സിയാസ്. എന്നാല്‍ ഇയാളുടെ ക്രിമിനല്‍ ബുദ്ധിയും ക്രമക്കേടും തട്ടിപ്പുകളും തിരിച്ചറിഞ്ഞതോടെ ചുമതലകളില്‍ നിന്നു മാറ്റി. ഇതിന്റെ പകയാണ് തട്ടിക്കൊണ്ടുപോകലില്‍ കലശിച്ചതെന്നാണ് നിഗമനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top