
റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി കൈവരിച്ച ചരിത്രവിജയം മതേതര കേരളത്തിന്റെ കരുത്ത് വിളംബരം ചെയ്യുന്നതാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. വര്‍ഗീയതയ്ക്കും രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ ഇടമില്ലെന്ന് തെളിയിക്കുന്നതാണ് ജനവിധി. യുഡിഎഫിനെ നെഞ്ചേറ്റിയ വോട്ടര്‍മാര്‍ക്കും വിജയത്തിനായി അണിനിരന്ന പ്രവാസി സമൂഹത്തിനും നാഷണല്‍ കമ്മിറ്റി നേതാക്കള്‍ നന്ദി പറഞ്ഞു.

ജനങ്ങളോട് അഹങ്കാരത്തോടെ പെരുമാറിയ ഭരണകൂടത്തിന് വോട്ടര്‍മാര്‍ നല്‍കിയ കനത്ത ശിക്ഷയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച മുന്നറിയിപ്പ് അവഗണിച്ച് ദാര്‍ഷ്ട്യവുമായി മുന്നോട്ടുപോയ സര്‍ക്കാരിനെ പ്രബുദ്ധരായ ജനത തള്ളിക്കളഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഭരണത്തിന് അന്ത്യം കുറിക്കണമെന്ന കേരളത്തിന്റെ ആഗ്രഹം ഫലത്തില്‍ പ്രതിഫലിച്ചു. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കി യുഡിഎഫ് അണിനിരത്തിയ സ്ഥാനാര്‍ത്ഥിപ്പട്ടിക മാറ്റത്തിന്റെ കാറ്റായി മാറിയെന്നും കെഎംസിസി വിലയിരുത്തി.

പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വെറും വാക്കുകളായി മാറിയത് കുടുംബങ്ങള്‍ക്കിടയില്‍ വലിയ ഭരണവിരുദ്ധ വികാരമുണ്ടാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കാരണം വോട്ട് രേഖപ്പെടുത്താന്‍ നാട്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രവാസി ലോകം നടത്തിയ ശക്തമായ ഇടപെടലുകള്‍ യുഡിഎഫ് വിജയത്തില്‍ നിര്‍ണ്ണായകമായി. കാലങ്ങളായി അവഗണന നേരിടുന്ന പ്രവാസികളുടെ ക്ഷേമം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളില്‍ പുതിയ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ വ്യക്തമാക്കി.

ജനാധിപത്യ മൂല്യങ്ങള്‍ക്കും മതസൗഹാര്‍ദ്ദത്തിനും ലഭിച്ച അംഗീകാരം വരുംകാല കേരളത്തിന്റെ വികസനത്തിന് അടിത്തറയാകും. നാഷണല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടി, പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും കെഎംസിസി നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






