
റിയാദ്: തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും പാര്‍ക്കിങ് സൗകര്യങ്ങള്‍ കാര്യക്ഷമമാക്കാനുമുള്ള നടപടികളുടെ ഭാഗമായി റിയാദില്‍ പെയ്ഡ് പാര്‍ക്കിങ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. നഗരത്തിലെ പ്രധാന വാണിജ്യതാമസ കേന്ദ്രങ്ങളായ അല്‍ മുറസലാത്ത്, അല്‍ നുസ്ഹ എന്നിവിടങ്ങളിലാണ് പുതുതായി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയത്. റിയാദ് നഗരസഭയുടെ കീഴിലുള്ള ‘റിയാദ് പാര്‍ക്കിങ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. വാറ്റ് ഉള്‍പ്പെടെ മണിക്കൂറിന് 3.45 റിയാലാണ് പാര്‍ക്കിങ് നിരക്ക്. ശനി മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ അര്‍ധരാത്രി 12 മണി വരെയാണ് പെയ്ഡ് പാര്‍ക്കിങ് ബാധകമാവുക. എന്നാല്‍ വെള്ളിയാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കും.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം ആദ്യ 15 മിനിറ്റ് വരെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. പാര്‍ക്കിങ് ഫീസ് അടയ്ക്കുന്നതിനായി തെരുവുകളില്‍ പേയ്‌മെന്റ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ‘റിയാദ് പാര്‍ക്കിങ്’ മൊബൈല്‍ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ പേയ്‌മെന്റിനാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്. നേരത്തെ അല്‍ ഒലയ, അല്‍ സുലൈമാനിയ തുടങ്ങിയ മേഖലകളില്‍ നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമായതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. പാര്‍ക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ അത്യാധുനിക ക്യാമറകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ നിരീക്ഷണം നടത്തും. അതേസമയം, പെയ്ഡ് പാര്‍ക്കിങ് മേഖലകളില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഡിജിറ്റല്‍ പെര്‍മിറ്റുകള്‍ ലഭ്യമാക്കുമെന്നും നഗരസഭ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






