Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

കരുണയുടെ കൈവിളക്കുകള്‍ക്ക് ആദരം; മെഗാ ചിത്രരചനയും ‘ജ്വാല’ അവാര്‍ഡ് നിശയും

റിയാദ്: തളരാത്ത കരുണയുടെ തുരുത്തായി സേവനമനുഷ്ഠിക്കുന്ന നഴ്‌സിംഗ് സമൂഹത്തിന് സ്‌നേഹാദരങ്ങളുമായി കേളി കുടുംബവേദി. അസാധാരണ കര്‍മ്മശേഷിയില്‍ ലോകത്തിന് വെളിച്ചമാകുന്ന വനിതകളെ ആദരിക്കാനായി സംഘടിപ്പിക്കുന്ന ‘ജ്വാല അവാര്‍ഡ് 2026’ ഇത്തവണ നഴ്‌സിംഗ് ലോകത്തിന് സമര്‍പ്പിക്കും. മെയ് 15 വെള്ളിയാഴ്ച നടക്കുന്ന വിപുലമായ അവാര്‍ഡ് നിശയില്‍ റിയാദിലെ വിവിധ ആശുപത്രികളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം നഴ്‌സുമാരെ ആദരിക്കും. തിരഞ്ഞെടുത്ത മെയില്‍ നഴ്‌സുമാര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നഴ്‌സിംഗ് സമൂഹത്തോടുള്ള ആദരത്തിനൊപ്പം പുതുതലമുറയുടെ സര്‍ഗവാസനകളെ തൊട്ടുണര്‍ത്തുന്ന മെഗാ ചിത്രരചന, പെയിന്റിങ് മത്സരവും ജ്വാലയുടെ ഭാഗമായി അരങ്ങേറും. വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് രണ്ടു ദിവസങ്ങളിലായാണ് ആഘോഷങ്ങള്‍. മേയ് 14 വ്യാഴം വൈകീട്ട് 6.30 മുതല്‍ അല്‍ വഫ ഷോല മാളില്‍ മൂന്ന് വിഭാഗങ്ങളിലായി ചിത്രരചന മത്സരം നടക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ആകര്‍ഷകമായ ഉപഹാരങ്ങളും സമ്മാനിക്കും. മേയ് 15 വെള്ളി വൈകീട്ട് 7.30ന് മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ളമിംഗോ മാളില്‍ സാംസ്‌കാരിക ലോകത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ജ്വാല അവാര്‍ഡ് നിശ അരങ്ങേറും.

ദമ്മാം നവോദയ കുടുംബവേദി ട്രഷറര്‍ അനു രാജേഷ് അവാര്‍ഡ് നിശ ഉദ്ഘാടനം ചെയ്യും. ആദരച്ചടങ്ങിന് മിഴിവേകാന്‍ റിയാദിലെ പ്രവാസി കലാകാരന്മാര്‍ അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന സംഗീതനൃത്ത പരിപാടികളും അരങ്ങേറും. പ്രവാസി മലയാളി സമൂഹത്തിന്റെ ഹൃദയം കവരുന്ന ആഘോഷമാക്കി ജ്വാല 2026നെ മാറ്റാന്‍ 101 അംഗ സംഘാടക സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. സജീന വി.എസ് (ചെയര്‍പേഴ്‌സണ്‍), ദീപ രാജന്‍ (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും സജീവമാണ്.
വാര്‍ത്താസമ്മേളനത്തില്‍ കേളി കുടുംബവേദി ഭാരവാഹികളായ പ്രസിഡന്റ് ശ്രീഷ സുകേഷ്, സെക്രട്ടറി ഷഹീബ വി.കെ, ട്രഷറര്‍ സീന സെബിന്‍, സംഘാടകര്‍ സമിതി ചെയര്‍പേഴ്‌സന്‍ സജീന വി എസ്, കണ്‍വീനര്‍ ഗീത ജയരാജ്, കോഓര്‍ഡിനേറ്റര്‍ വിജില ബിജു എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top