
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാവസായിക, നിക്ഷേപ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഖാന്‍, ജുബൈല്‍-യാമ്പു റോയല്‍ കമ്മീഷന്‍ പ്രസിഡന്റ് എഞ്ചി. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ സലീമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. എംബസി ഫസ്റ്റ് സെക്രട്ടറി വിപുല്‍ ബാവയും സന്നിഹിതനായിരുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ സാമ്പത്തിക ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുകയും പുതിയ നിക്ഷേപ സാധ്യതകളും നേതാക്കള്‍ വിശദമായ ചര്‍ച്ച നടത്തി. സഊദി അറേബ്യയുടെ വ്യാവസായിക വളര്‍ച്ചയില്‍ ജുബൈലിലെയും യാമ്പുവിലെയും ഇന്ത്യന്‍ സമൂഹം നല്‍കുന്ന വിലപ്പെട്ട സംഭാവനകളെ റോയല്‍ കമ്മീഷന്‍ പ്രസിഡന്റ് പ്രശംസിച്ചു.

ജുബൈലിലെ ലോകോത്തര പെട്രോകെമിക്കല്‍ ഇക്കോസിസ്റ്റവും ചെങ്കടല്‍ തീരത്തെ പ്രധാന ഊര്‍ജ്ജ വിതരണ കേന്ദ്രമായ യാമ്പു തുറമുഖവും ഇന്ത്യന്‍ കമ്പനികള്‍ക്ക് മികച്ച അവസരങ്ങളുണ്ട്. അസംസ്‌കൃത എണ്ണയുടെയും ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയില്‍ യാമ്പു തുറമുഖത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. സഊദി വിഷന്‍ 2030ന്റെ ഭാഗമായി നടക്കുന്ന വന്‍കിട പദ്ധതികളില്‍ കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപം ആകര്‍ഷിക്കാനും ഇരുരാജ്യങ്ങളിലെയും വ്യവസായ സംരംഭകര്‍ തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള തുടര്‍നടപടികള്‍ക്കും കൂടിക്കാഴ്ചയില്‍ ധാരണയായി. വരും വര്‍ഷങ്ങളില്‍ ഊര്‍ജ്ജം, നിര്‍മ്മാണം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ കൂടുതല്‍ സംയുക്ത സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചന.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






