Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

തുടിപ്പായി ‘ജീവസ്പന്ദനം’; റിയാദില്‍ കേളി രക്തദാന ക്യാമ്പ് 15ന്

റിയാദ്: സഹജീവി സ്‌നേഹത്തിന്റെ കുളിര്‍മഴയാകാന്‍ ‘ജീവസ്പന്ദനം’ വീണ്ടുമെത്തുന്നു. പ്രവാസി ലോകത്തെ കരുണയുടെ കൈയൊപ്പായ ‘കേളി’ കലാ സാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒന്‍പതാമത് മെഗാ രക്തദാന ക്യാമ്പ് മെയ് 15 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ നടക്കും. വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് മുന്നോടിയായി റിയാദ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബദിയയിലെ ഫ്ലമിംഗോ മാള്‍, മാര്‍ക് ആന്‍ഡ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ക്യാമ്പെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ എട്ടു വര്‍ഷമായി കേളി തുടരുന്ന രക്ത ദാന ക്യാമ്പിന് ഇപ്രാവശ്യം വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ക്യാമ്പിന്റെ വിജയത്തിന് ലിപിന്‍ പശുപതി ചെയര്‍മാനും ബിജി തോമസ് കണ്‍വീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. രാവിലെ 8ന് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 4 വരെ നീണ്ടുനില്‍ക്കും. ഒരേസമയം മാളിനകത്ത് 20 പേര്‍ക്കും, പുറത്ത് സജ്ജീകരിച്ചിരിക്കുന്ന മൂന്ന് മൊബൈല്‍ യൂണിറ്റുകളില്‍ 16 പേര്‍ക്കും ഒരേ സമയം രക്തം ദാനം ചെയ്യാന്‍ സൗകര്യമുണ്ട്. കഴിഞ്ഞ വര്‍ഷം 1428 യൂണിറ്റ് രക്തം ശേഖരിച്ച റെക്കോര്‍ഡ് ഇത്തവണ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളും സൗദി പൗരന്മാരും കേളിയുടെ ജീവകാരുണ്യ തണലില്‍ ഒന്നിക്കും. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള രക്തദാതാക്കള്‍ക്കായി പ്രത്യേക ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ മധു ബാലുശ്ശേരി, സംഘാടക സമിതി ചെയര്‍മാന്‍ ലിപിന്‍ പശുപതി, കണ്‍വീനര്‍ ബിജി തോമസ് എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി തോമസ് (0595687597) ലിപിന്‍ പശുപതി (0502243692) എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top