Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

ഗ്രൂപ്പില്‍ ‘കൈവിട്ട്’ പോര്; ഒടുവില്‍ അനില്‍ ബോസ് ‘അഡ്മിന്‍’ പൂട്ടിട്ടു

റിയാദ്: തലസ്ഥാനത്തെ ഒഐസിസി പ്രവര്‍ത്തകുടെ സൗഹൃദ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പക്ഷാഭേദം പുകയുന്നു. കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടി വാദിക്കുന്നവരും തമ്മില്‍ ഗ്രൂപ്പില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത വാക്‌പോര്. ഒടുവില്‍ വാദപ്രതിവാദങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയാതെ വന്നതോടെ ഗ്രൂപ്പ് അഡ്മിനും കെപിസിസി വക്താവുമായ അഡ്വ. അനില്‍ ബോസ് ‘അഡ്മിന്‍ ഒണ്‍ലി’ നിയന്ത്രണം ഏര്‍പ്പെടുത്തി ഗ്രൂപ്പ് പൂട്ടി. അനില്‍ ബോസിന്റെ റിയാദ് സന്ദര്‍ശന വേളയില്‍ പരിചയപ്പെട്ട കോണ്‍ഗ്രസ് അനുകൂലികളെ ഉള്‍പ്പെടുത്തിയ വാട്‌സ്ആപ് ഗ്രൂപ്പാണ് അഡ്മിന്‍ ഒണ്‍ലിയാക്കിയത്.

വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം ഗ്രൂപ്പില്‍ ശക്തമായ വാദമുഖങ്ങള്‍ ഉയര്‍ത്തിയതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. നൂറുകണക്കിന് ടെക്സ്റ്റ് മെസേജുകളും പരിഹാസം കലര്‍ന്ന വീഡിയോകളും വോയ്‌സ് നോട്ടുകളും പ്രവഹിച്ചതോടെ ഗ്രൂപ്പ് അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറി. കെ.സി. പക്ഷത്തിന് പ്രതിരോധിക്കാന്‍ കഴിയാത്ത വിധം സതീശന്‍ അനുകൂലികള്‍ ഗ്രൂപ്പില്‍ ആധിപത്യം ഉറപ്പിച്ചതോടെയാണ് അഡ്മിന്‍ അനില്‍ ബോസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

ഇന്ന് മാത്രം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ടത് നൂറുകണക്കിന് സന്ദേശങ്ങളാണ്. നേതാക്കളെ പരിഹസിച്ചും പുകഴ്ത്തിയും വോയ്‌സ് നോട്ടുകള്‍ പ്രവഹിച്ചതോടെ ഗ്രൂപ്പ് നോട്ടിഫിക്കേഷനുകള്‍ നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായി. വാദപ്രതിവാദങ്ങള്‍ അതിരുവിട്ടതോടെ അഡ്മിന്‍ ഇടപെടുകയായിരുന്നു. എന്നാല്‍, ജനാധിപത്യപരമായ ചര്‍ച്ചകളെ ഭയന്ന് ഗ്രൂപ്പ് പൂട്ടിയ അഡ്മിന്റെ നടപടിക്കെതിരെ പ്രതിഷേധവും ഉയര്‍ന്നു. ഇപ്പോര്‍ ചര്‍ച്ചയും പ്രതിഷേധവും ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി, ജില്ലാ കമ്മറ്റികളിലേക്ക് മാറി.

ഗ്രൂപ്പില്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ പോലും ഇടമില്ലാത്ത വിധം അഡ്മിന്‍ സ്വേച്ഛാധിപത്യപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സതീശന്‍ അനുകൂലികള്‍ ആരോപിക്കുന്നു. എന്നാല്‍, അനാവശ്യമായ ആക്ഷേപങ്ങളും അച്ചടക്കമില്ലാത്ത പെരുമാറ്റവും ഒഴിവാക്കാനാണ് ഗ്രൂപ്പ് നിയന്ത്രിച്ചതെന്നാണ് അഡ്മിന്‍ പക്ഷത്തിന്റെ വിശദീകരണം. റിയാദിലെ ഒളെസിസി പ്രവര്‍ത്തകര്‍ക്കിടയില്‍ മുഖ്യമന്ത്രി തര്‍ക്കം വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുമെന്ന് ഉറപ്പായി.
അതേസമയം, ഹൈക്കമാന്റ് ഇന്ന് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഒഐസിസി പ്രവര്‍ത്തകരിലേറെയും. അതിനിടെ, സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് സിദ്ദീഖ് കല്ലുപറമ്പന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top