Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

തിരുവനന്തപുരം: പ്രവാസി ക്ഷേമം, പുനരധിവാസം, വികസനം എന്നിവ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്). പുതിയ സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശന് സംഘടന നിവേദനം സമര്‍പ്പിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക വികസനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്ക് അടിയന്തര പരിഹാരം കാണണം.

നോര്‍ക്കയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ സമഗ്ര പരിഷ്‌കാരം വേണം. ഗള്‍ഫിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും പ്രവാസി ജീവിതത്തെക്കുറിച്ചും പ്രായോഗിക ജ്ഞാനമുള്ള പ്രൊഫഷണലുകളെയും സാമൂഹിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നോര്‍ക്കയെ ശക്തിപ്പെടുത്തണം. വിദേശത്തുള്ള മലയാളികള്‍ക്കും നാട്ടിലെ അവരുടെ കുടുംബങ്ങള്‍ക്കും നിയമസഹായം ഉള്‍പ്പെടെയുള്ള അടിയന്തര പിന്തുണ ലഭ്യമാക്കാന്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന ജീവനക്കാരെ ഉള്‍പ്പെടുത്തി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കുകള്‍ വിപുലീകരിക്കണം. ഇതിനുപുറമേ, കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പഞ്ചായത്ത് തലത്തിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും ജി.എം.എഫ് ആവശ്യപ്പെട്ടു.

ജീവിതച്ചെലവും വിലക്കയറ്റവും കണക്കിലെടുത്ത് നിലവിലെ പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക കുറഞ്ഞത് 6000 രൂപയായി ഉയര്‍ത്തണം. കാലാനുസൃതമായി പരിഷ്‌കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. പ്രവാസം അവസാനിപ്പിച്ചു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോടെ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക ‘പ്രവാസി മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍’ സ്ഥാപിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേക ചികിത്സാ സഹായം ഉറപ്പാക്കണം. വേതന നഷ്ടം മൂലമോ ജോലി പൂര്‍ത്തിയാക്കിയോ മടങ്ങിവരുന്നവര്‍ക്കായി ടൂറിസം, ചെറുകിടഇടത്തരം സംരംഭങ്ങള്‍, കൃഷി, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കണം. ഇവര്‍ക്കായി പലിശ സബ്‌സിഡിയും കുറഞ്ഞ പലിശയ്ക്കുള്ള വായ്പകളും ലഭ്യമാക്കണം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്‍.ആര്‍.ഐ ക്വാട്ടയിലെ ഉയര്‍ന്ന ഫീസ് ഘടന സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാകാത്തതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഫീസ് ഇളവുകളും സ്‌കോളര്‍ഷിപ്പുകളും അനുവദിക്കണം. കൂടാതെ, വന്‍തോതില്‍ മലയാളി ജനസംഖ്യയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കേരളവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളോ ആരംഭിക്കാന്‍ സര്‍ക്കാര്‍ പഠനം നടത്തണമെന്നും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജി.സി.സി കമ്മിറ്റി ചെയര്‍മാന്‍ റാഫി പാങ്ങോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനത്തില്‍ പ്രവാസി സമൂഹം എന്നും ശക്തമായ തൂണായി നിലകൊള്ളുന്നുണ്ടെന്നും, പുതിയ സര്‍ക്കാര്‍ പ്രവാസികളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പ്രസിഡന്റ് ബഷീര്‍ അമ്പലായി, ജനറല്‍ സെക്രട്ടറി അഡ്വ. സന്തോഷ് കെ. നായര്‍, മീഡിയ അഡ്‌വൈസര്‍യ വേണു പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top