Sauditimesonline

accident st
മകളുടെ എംബിബിഎസ് പ്രവേശനത്തിനെത്തി, ഒടുവില്‍ വിധി തട്ടിയെടുത്തു; ഉമ്മയ്ക്കും മകള്‍ക്കും ത്വാഇഫില്‍ അന്ത്യനിദ്ര

മകളുടെ എംബിബിഎസ് പ്രവേശനത്തിനെത്തി, ഒടുവില്‍ വിധി തട്ടിയെടുത്തു; ഉമ്മയ്ക്കും മകള്‍ക്കും ത്വാഇഫില്‍ അന്ത്യനിദ്ര

ഫൈസല്‍ മാലിക്

ദമ്മാം: ഖത്തറിൽനിന്നു റോഡ് മാർഗം മക്കയിലെത്തി ഉംറ നിർവഹിച്ചു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച ലാൻഡ് ക്രൂയിസർ കാർ അപകടത്തിൽപെട്ട് മരിച്ച ഉമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കും. മലപ്പുറം രാങ്ങാട്ടൂര്‍ തെക്കേ പീടിയേക്കല്‍ അബ്ദുല്ലത്തീഫിന്റെ ഭാര്യ രഹന ലത്തീഫ് (54), മകള്‍ ഡോ. നഹ്‌ല നര്‍മിന്‍ (29) എന്നിവരുടെ മൃതദേഹം ത്വായിഫില്‍ ഖബറടക്കാന്‍ നടപടി ആരംഭിച്ചു.

ത്വാഇഫ്‌-റിയാദ് എക്‌സ്പ്രസ് ഹൈവേയില്‍ ‘ദിലം’ എന്ന സ്ഥലത്ത് ജൂലൈ 5ന് രാത്രിയായിരുന്നു അപകടം. കാറ്റില്‍ പറന്നുവന്ന പ്ലാസ്റ്റിക് ബാഗിന്റെ കഷ്ണങ്ങള്‍ വാഹനത്തിന്റെ മുന്‍ഗ്ലാസില്‍ പതിച്ച് ഡ്രൈവറുടെ കാഴ്ച മറച്ചതോടെ നിയന്ത്രണം വിട്ട കാര്‍ പലതവണ മറിയുകയായിരുന്നു.

അബ്ദുല്ലത്തീഫിന്റെ രണ്ടാമത്തെ മകള്‍ ഡോ. ഈമാന്‍ അബ്ദുല്ലത്തീഫ് ആണ് വാഹനം ഓടിച്ചിരുന്നത്. മുന്‍സീറ്റിലിരുന്ന ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. എയര്‍ബാഗ് സംരക്ഷണം ഒരുക്കിയതിനാല്‍ വലിയ പരിക്കുകളില്ലാതെ ഇരുവരും രക്ഷപ്പെട്ടു. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന രഹനയും മൂത്തമകള്‍ ഡോ. നഹ്‌ലയും അപകടസ്ഥലത്തു മരിച്ചു. പിന്‍സീറ്റിലുണ്ടായിരുന്ന ഇളയ മകള്‍ മെസ്‌ന അബ്ദുല്ലത്തീഫും മരിച്ച ഡോ. നഹ്‌ല നര്‍മിന്റെ മൂന്ന് വയസ്സുള്ള മകള്‍ ഹഫ്‌സ അസ്ഹറിനും പരിക്കേറ്റു. ഇരുവരും സുഖപ്രാപിച്ചുവരുന്നു.

ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒ മുന്‍ സയന്റിസ്റ്റായ അബ്ദുല്ലത്തീഫ് 25 വര്‍ഷമായി ഖത്തര്‍ പെട്രോളിയം റിസര്‍ച്ച് വിങ്ങില്‍ ഉദ്യോഗസ്ഥനാണ്. ഇളയ മകള്‍ മെസ്‌ന സൗദിയിലെ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് അഡ്മിഷന്‍ നേടിയതിനെത്തുടര്‍ന്ന് പ്രവേശന നടപടികള്‍ക്കാണ് ഇവര്‍ ഖത്തറില്‍ നിന്നു സ്വന്തം വാഹനത്തില്‍ സൗദിയിലെത്തിയത്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി, കുടുംബസമേതം ഉംറയും നിര്‍വഹിച്ച് ഖത്തറിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം. ഈ മാസം 15ന് ഇവര്‍ കേരളത്തിലേക്ക് അവധിക്ക് പോകാന്‍ തയാറെടുക്കുകയായിരുന്നു.

ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെയും ഖത്തറിലെയും ബന്ധുക്കളും സുഹൃത്തുക്കളും ത്വായിഫിലേക്ക് തിരിച്ചിട്ടുണ്ട്. ദമ്മാമിലെയും ത്വാഇഫിലെയും സാമൂഹിക പ്രവര്‍ത്തകര്‍, കെഎംസിസി ഭാരവാഹികള്‍, ജിദ്ദ കോണ്‍സുലേറ്റ് കമ്യൂണിറ്റി വളന്റിയര്‍ മുഹമ്മദ് സാലിഹ് എന്നിവന നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top