
റിയാദ്: ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ ആക്രമണത്തിനിരയായ എല്‍പിജി ടാങ്കറിലെ 28 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മൊസാംബിക് രജിസ്‌ട്രേഷനിലുള്ള ‘ദിശ’ എന്ന എല്‍പിജി ടാങ്കറിന് നേരെയാണ് ആക്രമണുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എംബസി അറിയിച്ചു. പശ്ചിമേഷ്യന്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കും സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കുമിടയിലാണ് ടാങ്കറിന് നേരെ വീണ്ടും ആക്രമണം.

കഴിഞ്ഞ ദിവസങ്ങളില്‍ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിവിലിയന്‍ കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം വന്‍തോതില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം ആറായിരം നാവികര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇവരെ അടിയന്തരമായി രക്ഷപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






