
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ എട്ടാം ഘട്ട അംഗത്വ ക്യാമ്പയിന് തുടക്കം. ബത്ഹയിലെ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അപേക്ഷാ ഫോം കൈമാറി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. റസാഖ് വളക്കൈക്ക് ആദ്യ ഫോറം ഏറ്റുവാങ്ങി.


കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നൂറുകണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് തണലേകാന്‍ ജീവകാരുണ്യ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. മരിച്ച അന്‍പതിലേറെ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അഞ്ച് കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. കൂടാതെ, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കായി 40 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ സഹായവും വിതരണം ചെയ്തു.

നടപ്പു വര്‍ഷം മരിച്ച 13 പേരുടെ കുടുംബങ്ങള്‍ക്ക് 1.30 കോടി രൂപയാണ് കൈമാറിയത്. ഇതില്‍ 8 കുടുംബങ്ങള്‍ക്കുള്ള ധനസഹായം കഴിഞ്ഞ ആഴ്ച പാണക്കാട്ട് നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തിരുന്നു. പദ്ധതിയില്‍ അംഗങ്ങളായിരിക്കെ ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ബാധിക്കുന്നവര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
സെപ്റ്റംബര്‍ 30 വരെയാണ് പ്രചാരണ ക്യാമ്പയിന്‍ നടക്കുക. റിയാദില്‍ ജോലിയുള്ള 18നും 60നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് അംഗത്വമെടുക്കാം. കൂടാതെ, റിയാദില്‍ നിന്ന് മുന്‍പ് അംഗത്വമെടുത്ത് നിലവില്‍ നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്കും അംഗത്വം പുതുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സുരക്ഷാ പദ്ധതി കണ്‍വീനര്‍ സിറാജ് മേടപ്പില്‍ പ്രവര്‍ത്തന രൂപരേഖയും, പി.സി. മജീദ് പദ്ധതിയുടെ വെബ്‌സൈറ്റ് പരിചയപ്പെടുത്തി. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദ് വേങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, ജലീല്‍ തിരൂര്‍, റഫീഖ് മഞ്ചേരി, അസീസ് വെങ്കിട്ട, നാസര്‍ മാങ്കാവ്, നജീബ് നെല്ലങ്കണ്ടി എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലാ, മണ്ഡലം. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷമീര്‍ പറമ്പത്ത് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






