
റിയാദ്: കടുത്ത വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന റിയാദ് പ്രവിശ്യയില്‍ ആശ്വാസമായി ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനിടയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മോശം കാലാവസ്ഥയും പൊടിപടലങ്ങളും അന്തരീക്ഷത്തില്‍ കാഴ്ചാപരിധി കുറക്കുന്നതിനാല്‍ വാഹനമോടിക്കുന്നവരും റോഡ് യാത്രക്കാരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

പ്രവിശ്യയിലെ അല്‍ അഫ്‌ലജ്, സുലൈല്‍, വാദി അദ്ദവാസിര്‍, അല്‍ റെയ്ന്‍, അല്‍ ഖുവയ്യ, അല്‍ ഹരീഖ്, അല്‍ ഖര്‍ജ്, അദ് ദിലം, അല്‍ മുസാഹ്മിയ, ഹൗത്ത ബാനി തമീം എന്നീ ഗവര്‍ണറേറ്റുകളിലാണ് മഴ പ്രധാനമായും ലഭിക്കുക. മഴയുള്ള സമയങ്ങളില്‍ താഴ്‌വരകള്‍, മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുതെന്നും അപകടസാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രാദേശിക ഭരണകൂടവും സുരക്ഷാ വിഭാഗങ്ങളും നല്‍കുന്ന ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






