Sauditimesonline

KALARI
വേദികളെ കീഴടക്കാം; വാക്കുകളുടെ മൂര്‍ച്ചകൂട്ടാം: 'കളരി'യില്‍ തിളങ്ങി പ്രവാസികള്‍

വേദികളെ കീഴടക്കാം; വാക്കുകളുടെ മൂര്‍ച്ചകൂട്ടാം: ‘കളരി’യില്‍ തിളങ്ങി പ്രവാസികള്‍

മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: പ്രവാസത്തിന്റെ തിരക്കുകള്‍ക്കും വാരാന്ത്യ വിശ്രമത്തിനുമിടയില്‍ പ്രസംഗ കലയുടെ പുതിയ പാഠങ്ങള്‍ പരിശീലിക്കുകയാണ് ഒരു കൂട്ടം പ്രവാസികള്‍. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന മലയാള പ്രസംഗ പരിശീലനം ‘കളരി’ ശ്രദ്ധ നേടുകയാണ്. ബത്ഹയിലെ ഒ.ഐ.സി.സി ആസ്ഥാനം ‘സബര്‍മതി’യില്‍ വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ 10.30 വരെയാണ് പരിശീലനം.

വാക്കുകളുടെ മൂര്‍ച്ചയും ശബ്ദ നിയന്ത്രണവും ഭാവാഭിനയവും സമന്വയിപ്പിച്ച് വേദിയില്‍ എങ്ങനെ മികച്ച രീതിയില്‍ സംസാരിക്കാമെന്നാണ് കളരിയില്‍ പഠിപ്പിക്കുന്നത്. ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി ഭാരവാഹി അഡ്വ. എല്‍. കെ. അജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രവാസികളാണ് പങ്കെടുക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിശീലന സെഷനില്‍ ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു ഏട്’ എന്ന വിഷയത്തിലായിരുന്നു പഠിതാക്കളുടെ പ്രസംഗാവതരണം. സ്വാതന്ത്ര്യസമരത്തിലെ വിവിധ വിപ്ലവ സംഭവങ്ങളും പ്രമുഖ നേതാക്കളുടെ ത്യാഗനിര്‍ഭരമായ ജീവിതവും വിഷയമാക്കി ആവേശകരമായ പ്രസംഗങ്ങളാണ് ഓരോരുത്തരും കാഴ്ചവെച്ചത്. കൃത്യമായ വിഷയ പഠനവും സമയനിഷ്ഠയും ശബ്ദക്രമീകരണവും പാലിച്ചാണ് ഓരോരുത്തരം പ്രസംഗം അവതരിപ്പിച്ചതെന്ന് അഡ്വ. അജിത്തും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ നാദിര്‍ഷാ റഹ്മാനും വിലയിരുത്തി.

വാരാന്ത്യങ്ങളിലെ മടി വെടിഞ്ഞ് പ്രവാസികളുടെ സര്‍ഗശേഷിയും പ്രസംഗപാടവവും മെച്ചപ്പെടുത്താന്‍ ഒ.ഐ.സി.സി ഒരുക്കുന്ന കളരി മാതൃകയാണെന്ന് ചടങ്ങില്‍ സംബന്ധിച്ച സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര പറഞ്ഞു. കളരിയിലൂടെ ഉയര്‍ന്നുവരുന്നവര്‍ പൊതുസമൂഹത്തിനും സംഘടനയ്ക്കും വലിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗകലയിലെ അടിസ്ഥാന നിയമങ്ങള്‍, ശ്വസന ക്രമീകരണം, സദസ്സിനെ ആകര്‍ഷിക്കാനുള്ള കഴിവുകള്‍ എന്നിവ വരും വാരങ്ങളിലും പരിശീലനത്തിന്റെ ഭാഗമായി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top