Sauditimesonline

volley keli
സ്മാഷും ബ്ലോക്കുമായി ആദ്യദിനം; അറബ്‌കോയും മാംഗ്ലൂര്‍ സ്‌പോര്‍ട്‌സും സെമിയില്‍

സ്മാഷും ബ്ലോക്കുമായി ആദ്യദിനം; അറബ്‌കോയും മാംഗ്ലൂര്‍ സ്‌പോര്‍ട്‌സും സെമിയില്‍

റിയാദ്: കോര്‍ട്ടില്‍ തീപ്പൊരി ചിതറിയ പോരാട്ടങ്ങളോടെ കേളി സില്‍വര്‍ ജൂബിലി വോളിബോള്‍ ടൂര്‍ണമെന്റിന് സുലൈ അറബ്‌കോ ഗ്രൗണ്ടില്‍ തുടക്കം. ആദ്യദിനം ഗ്രൂപ്പ് റൗണ്ടില്‍ അറബ്‌കോ ലോജിസ്റ്റിക്‌സും മാംഗ്ലൂര്‍ സ്‌പോര്‍ട്‌സ് ക്ലബ് ജുബൈലും രണ്ടു ജയങ്ങളോടെ മുന്നേറിയപ്പോള്‍ സ്റ്റാര്‍ റിയാദും ശക്കര്‍ഘറും ഓരോ ജയവുമായി നിലയുറപ്പിച്ചു.

ആദ്യ പോരാട്ടത്തില്‍ റിബല്‍സ് റിയാദിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (25–20, 27–25) അറബ്‌കോ വീഴ്ത്തി. ശക്കര്‍ഘറിനെതിരായ അടുത്ത മത്സരത്തിലും (25–20, 25–12) ഇതേ ആധിപത്യം തുടര്‍ന്ന അറബ്‌കോ ആധികാരിക ജയം സ്വന്തമാക്കി. വോളി ഫ്രണ്ട്‌സ് റിയാദിനെതിരായ രണ്ടാം മത്സരം മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് (29–27, 24–26, 16–14) സ്റ്റാര്‍ റിയാദ് പിടിച്ചെടുത്തത്. നാലാം മത്സരത്തില്‍ സ്റ്റാര്‍ റിയാദിനെയും (25–19, 28–26), ആറാം പോരാട്ടത്തില്‍ വോളി ഫ്രണ്ട്‌സിനെയും (25–18, 25–15) നിഷ്പ്രഭരാക്കി മംഗളൂര്‍ ഗ്രൂപ്പില്‍ കരുത്തറിയിച്ചു. അഞ്ചാം മത്സരത്തില്‍ മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവില്‍ റിബല്‍സ് റിയാദിനെ (25–13, 16–25, 15–12) ശക്കര്‍ഘര്‍ കീഴ്‌പ്പെടുത്തി.

ആദ്യദിനത്തിലെ മാച്ച് പോയിന്റുകള്‍ക്ക് പിന്നാലെ സെമിഫൈനല്‍ ചിത്രം വ്യക്തമായി. സെമിയില്‍ മംഗളൂര്‍ സ്‌പോര്‍ട്‌സ് ക്ലബ് ജുബൈല്‍ ശക്കര്‍ഘറിനെയും സ്റ്റാര്‍ റിയാദ്, അറബ്‌കോ ലോജിസ്റ്റിക്‌സിനെയും നേരിടും. പെര്‍ഫക്ട് പ്യൂരിറ്റി മാര്‍ക്കറ്റിങ് മാനേജര്‍ സഹീര്‍ അലി ഉദ്ഘാടനം ചെയ്തു. കേളി സില്‍വര്‍ ജൂബിലി ആക്ടിങ് ചെയര്‍മാന്‍ നൗഫല്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ.പി.എം. സാദിഖ്, സീബാ കൂവോട്, രാമചന്ദ്രന്‍, സാലിം അല്‍ അംരി, ഗഫൂര്‍ ആനമങ്ങാട്, മധു ബാലുശ്ശേരി, ഷമീം മേലേതില്‍ എന്നിവര്‍ സംസാരിച്ചു. ഷാജി റസാഖ് സ്വാഗതവും റഫീഖ് ചാലിയം നന്ദിയും പറഞ്ഞു. ഹനീഫ്, ദീപക്, ഗോപിനാഥ് എന്നിവരടങ്ങിയ പാനലാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top