
ദമ്മാം: ഓണം വീണ്ടും എത്തുമ്പോള്‍ വീട്ടിലെ പൂമുഖത്തേക്ക് വലിയൊരു പുഞ്ചിരിയോടെ ഓടിക്കയറി വരാന്‍ സനുവില്ലെങ്കിലും, പ്രിയപ്പെട്ടവന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഉമ്മറത്തേക്ക് ഓണക്കാലത്തു സ്‌നേഹസമ്മാനങ്ങളുമായി സുഹൃത്തുക്കള്‍ എത്തി. വിടപറഞ്ഞുപോയ മകന്‍ തിരിച്ചുവന്നതുപോലെയാണ് ആ അമ്മയ്ക്ക് തോന്നിയത്. പ്രവാസ ലോകത്ത് ചേര്‍ത്തുപിടിച്ച സൃഹൃത്തിന്റെ കുടുംബത്തെ തനിച്ചാക്കില്ലെന്ന ഉറപ്പാണ് നവയുഗം ഇത്തവണയും സനുമഠത്തിലിന്റെ അമ്മയ്ക്ക് സമ്മാനിച്ച ഓണപ്പുടവയും സ്‌നേഹസമ്മാനങ്ങളും.

സനുവിന്റെ വീട്ടിലെത്തിയ നവയുഗം നേതാക്കളായ ഉണ്ണി മാധവം, റഷീദ് പുനലൂര്‍, രാജന്‍ കായംകുളം എന്നിവര്‍ ചേര്‍ന്നാണ് സ്‌നേഹത്തിന്റെ പട്ടുപുടവ അമ്മയെ അണിയിച്ചത്. സനുവിന്റെ ഭാര്യയും മകനും മറ്റ് കുടുംബാംഗങ്ങളും വൈകാരിക നിമിഷത്തിന് സാക്ഷിയായി. നവയുഗം കേന്ദ്രകമ്മറ്റി മുന്‍സെക്രട്ടറി കെ.ആര്‍. അജിത്ത്, കുടുംബാംഗങ്ങളായ സീനത്ത് റഷീദ്, രവി എന്നിവരും പ്രിയപ്പെട്ടവന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ഒപ്പമുണ്ടായിരുന്നു.

നവയുഗത്തിന്റെ ആദ്യകാലം മുതല്‍ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ സനു, കിഴക്കന്‍ പ്രവിശ്യയുടെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ദല്ല മേഖലയില്‍ ദുരിതമനുഭവിച്ച പ്രവാസികള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു സനുവിന്റെ കരങ്ങള്‍. തൊഴില്‍പ്രശ്‌നങ്ങളില്‍ കുടുങ്ങിയവര്‍ക്കും രോഗബാധിതര്‍ക്കും സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് സഹായമേകിയ സനു, നിറഞ്ഞ പുഞ്ചിരി കൊണ്ടും ഊഷ്മളമായ സ്‌നേഹം കൊണ്ടും വലിയൊരു സുഹൃദ്‌വലയം തന്നെയാണ് സമ്പാദിച്ചത്.
16 വര്‍ഷത്തിലധികം ദമ്മാമില്‍ പ്രവാസിയായിരുന്ന സനുവിനെ, 2023 ഏപ്രില്‍ 22നാണ് കൊദറിയയിലെ താമസസ്ഥലത്തു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന മകന്റെ ഓര്‍മ്മ പുതുക്കി വീണ്ടും ഓണക്കാലം കൂടെയെത്തുമ്പോള്‍, സ്‌നേഹത്തിന്റെ തണലൊരുക്കി നവയുഗം ഒപ്പമുണ്ടെന്നത് ആ കുടുംബത്തിന് നല്‍കുന്ന ആശ്വാസം ചെറുതല്ല.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






