
റിയാദ്: സൗദി വ്യോമയാന മേഖലയില്‍ പുതിയ വിപ്ലവത്തിന് വഴിതുറന്ന് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനി ‘സൗദിയ’യും പുതിയ വിമാനക്കമ്പനി ‘റിയാദ് എയറും’ കൈകോര്‍ക്കുന്നു. ഇരു വിമാനക്കമ്പനികളും തമ്മിലുള്ള ചരിത്രപരമായ സഹകരണ കരാറിന്റെ ഭാഗമായി സൗദിയയുടെ പാസഞ്ചര്‍ സര്‍വീസ് സിസ്റ്റവുമായി റിയാദ് എയര്‍ ബന്ധിപ്പിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് ഒറ്റ ടിക്കറ്റില്‍ കണക്ഷന്‍ സര്‍വീസുകള്‍ ബുക്ക് ചെയ്യാനും, അവസാന ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ട് ലഗേജ് ചെക്ക്ഇന്‍ ചെയ്യാനുമുള്ള സൗകര്യം ലഭ്യമാകും.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഹബ്ബാക്കി സൗദിയ നടത്തുന്ന ആറ് പ്രധാന ആഭ്യന്തര സര്‍വീസുകളിലാണ് ആദ്യ ഘട്ടത്തില്‍ റിയാദ് എയറിന്റെ ‘ആര്‍എക്‌സ്’ കോഡ് ചേര്‍ക്കുന്നത്. അബഹ, ഖസീം, ദമ്മാം, ജിദ്ദ, മദീന, തബൂക്ക് എന്നീ നഗരങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളിലാണ് കോഡ്‌ഷെയര്‍ സംവിധാനം പ്രാബല്യത്തില്‍ വരിക.

ഇരു കമ്പനികളും കരാറില്‍ ഏര്‍പ്പെട്ടതോടെ, റിയാദ് എയറിലെത്തുന്ന യാത്രക്കാര്‍ക്ക് സൗദിയയുടെ ആഭ്യന്തര വിമാനങ്ങളിലേക്ക് എളുപ്പത്തില്‍ കണക്റ്റിവിറ്റി ലഭിക്കും. യാത്രക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ അവസാന ഡെസ്റ്റിനേഷനിലേക്കുള്ള ബോര്‍ഡിങ് പാസും ലഗേജ് ടാഗുകളും സ്വന്തമാക്കാം. ഇടയ്ക്കുള്ള സ്‌റ്റോപ്പുകളില്‍ ലഗേജ് വീണ്ടും ക്ലിയര്‍ ചെയ്യേണ്ടതില്ല. കിങ് ഖാലിദ് എയര്‍പോര്‍ട്ടിലെ 1 മുതല്‍ 4 വരെയുള്ള ടെര്‍മിനലുകളിലാണ് രണ്ട് വിമാനക്കമ്പനികളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ടെര്‍മിനല്‍ മാറ്റം സുഗമമാകും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






