
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഊര്‍ജ്ജ, മൊബിലിറ്റി കമ്പനിയായ പെട്രോമിനും പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ലുലു ഗ്രൂപ്പും കൈകോര്‍ക്കുന്നു. അല്‍ദബ്ബാഗ് ഗ്രൂപ്പിന്റെ കീഴിലുള്ള പെട്രോമിന്റെ ഗ്യാസ് സ്‌റ്റേഷന്‍ ലൊക്കേഷനുകളില്‍ 10 ലുലു സ്വിഫ്റ്റ് സ്‌റ്റോറുകള്‍ തുറക്കുന്നതിനായി ഇരു ഗ്രൂപ്പുകളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസും പെട്രോമിന്‍ എനര്‍ജി സി.ഇ.ഒ അമിത് വാംഖഡെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. അല്‍ദബ്ബാഗ് ഗ്രൂപ്പ് ചെയര്‍മാനും സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മുന്‍ ഗവര്‍ണറുമായ എച്ച്.ഇ. അമര്‍ അല്‍ദബ്ബാഗ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പ്രാരംഭ ഘട്ടത്തില്‍ ജിദ്ദയില്‍ ആറും റിയാദില്‍ നാലെണ്ണവും ഉള്‍പ്പെടെ 10 ലുലു സ്വിഫ്റ്റ് സ്‌റ്റോറുകളാണ് തുറക്കുന്നത്. ലുലുവിന്റെ കണ്‍വീനിയന്‍സ് റീട്ടെയില്‍ സാന്നിധ്യം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണിത്. സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ ലക്ഷ്യങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് ഉപഭോക്താക്കള്‍ക്ക് വിശ്വസനീയവും സൗകര്യപ്രദവുമായ റീട്ടെയ്ല്‍ അനുഭവം ലഭ്യമാക്കുക എന്നതാണ്പങ്കാളിത്തത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ വ്യക്തമാക്കി.

പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഷോപ്പിങ് അനുഭവം എപ്പോഴും എവിടെയും പ്രദാനം ചെയ്യുക എന്ന ആശയത്തിലാണ് സ്വിഫ്റ്റ് കണ്‍വീനിയന്‍സ് സ്‌റ്റോറുകള്‍ക്ക് ലുലു ഗ്രൂപ്പ് തുടക്കം കുറിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഉപഭോക്താക്കളുടെ സമയ ലാഭത്തിനും വേഗതയേറിയ സൗകര്യങ്ങള്‍ക്കുമാണ് ലുലു സ്വിഫ്റ്റ് മുന്‍ഗണന നല്‍കുന്നത്.

1968ല്‍ സൗദി അരാംകോയുടെയും എക്‌സോണ്‍ മൊബീലിന്റെയും സംയുക്ത സംരംഭമായി ‘പെട്രോലുബ്’ എന്ന പേരിലായിരുന്നു പെട്രോമിന്‍ ആരംഭിച്ചത്. പിന്നീട് സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ദബ്ബാഗ് ഏറ്റെടുത്തു. ഇതോടെ, ഈ മേഖലയിലെ പ്രമുഖ മൊബിലിറ്റി സൊല്യൂഷന്‍ ദാതാക്കളായി പെട്രോമിന്‍ വളര്‍ന്നു. അടുത്തിടെ സൗദിക്കു പുറമെ യുഎഇ, മൊറോക്കോ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ചതും കമ്പനിയുടെ നാഴികക്കല്ലാണ്. നിലവില്‍ സൗദിയിലുടനീളം പെട്രോമിന് 80ലധികം ഗ്യാസ് സ്‌റ്റേഷനുകളുണ്ട്. ആദ്യ ഘട്ടത്തിലെ 10 കേന്ദ്രങ്ങള്‍ക്ക് പുറമേ, റീട്ടെയ്ല്‍മൊബിലിറ്റി രംഗങ്ങളിലെ സഹകരണം വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് സാന്നിധ്യം ശക്തമാക്കാനാണ് പെട്രോമിന്റെയും ലുലു ഗ്രൂപ്പിന്റെയും തീരുമാനം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






