
റിയാദ്: സൗദി അറേബ്യയില്‍ വീടുകളും അപാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. ടൂറിസം മേഖലയുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിനും സഞ്ചാരികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനും ‘പ്രൈവറ്റ് ഹോസ്പിറ്റാലിറ്റി യൂണിറ്റ് റെഗുലേഷന്‍സ്’ നിയമ ഭേദഗതിക്ക് ടൂറിസം മന്ത്രാലയം അനുമതി നല്‍കി. നിലവിലുള്ള ‘പെര്‍മിറ്റ്’ സംവിധാനത്തിന് പകരമായാണ് പുതിയ ലൈസന്‍സ് നടപ്പിലാക്കുന്നത്.

നിലവില്‍ സാധുവായ പെര്‍മിറ്റുകളുള്ള ഉടമകള്‍ 90 ദിവസത്തിനകം പുതിയ ലൈസന്‍സ് മാനദണ്ഡങ്ങളിലേക്ക് മാറണം. ടൂറിസം മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പെര്‍മിറ്റുകള്‍ ലൈസന്‍സുകളാക്കി മാറ്റാം. ലൈസന്‍സിന് അപേക്ഷിക്കുന്നയാള്‍ സൗദി പൗരനോ അല്ലെങ്കില്‍ വസ്തുവകകള്‍ സ്വന്തമായുള്ള വിദേശിയോ ആയിരിക്കണം. റസിഡന്‍ഷ്യല്‍, അഗ്രികള്‍ച്ചറല്‍, മിക്‌സഡ് ആവശ്യങ്ങള്‍ക്ക് മാറ്റിവെച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി.

ഒരു കെട്ടിടത്തില്‍ ഒരാള്‍ക്ക് പരമാവധി 3 ലൈസന്‍സുകള്‍ മാത്രമേ അനുവദിക്കൂ. 3ല്‍ കൂടുതല്‍ യൂണിറ്റുകളുള്ളവര്‍ മെയിന്റനന്‍സ്, ശുചീകരണ കരാറുകള്‍ ഏര്‍പ്പെടുത്തുകയും സൗദിയുടെ ‘ശംസ്’ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷമായിരിക്കും.
സന്ദര്‍ശക വിസയിലെത്തുന്ന ഒരു സഞ്ചാരിക്ക് ഒരേ യൂണിറ്റില്‍ തുടര്‍ച്ചയായി പരമാവധി 29 ദിവസവും, ഒരു വര്‍ഷത്തില്‍ ആകെ 90 ദിവസവും മാത്രമേ താമസിക്കാന്‍ അനുമതിയുള്ളൂ. പണമിടപാടുകളും ബുക്കിങ്ങും അംഗീകൃത ട്രാവല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രമേ നടത്താന്‍ അനുമതിയുളളൂ. നേരിട്ട് പണം കൈപ്പറ്റുന്നത് നിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
സഞ്ചാരികളുടെ വ്യക്തിവിവരങ്ങളുടെ സ്വകാര്യത പൂര്‍ണ്ണമായും ഉറപ്പാക്കണം. പൊലീസിന്റെയോ സുരക്ഷാ ഏജന്‍സികളുടെയോ സാന്നിധ്യത്തിലല്ലാതെ താമസക്കാരുടെ മുറികള്‍ അനുമതിയില്ലാതെ തുറക്കാനോ അവരെ ഒഴിവാക്കാനോ പാടില്ല. പുതിയ ലൈസന്‍സിന് ഫീസ് 1,100 റിയാല്‍ അടക്കണം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






