Sauditimesonline

KELI
പ്രതിസന്ധികളെ അതിജീവിച്ച പാരമ്പര്യം; കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ല

പ്രതിസന്ധികളെ അതിജീവിച്ച പാരമ്പര്യം; കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ല

റിയാദ്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ എന്തു വിലകൊടുത്തും ചെറുക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി. പ്രതിസന്ധികളെയും വേട്ടയാടലുകളെയും അതിജീവിച്ചാണ് പ്രസ്ഥാനം മുന്നോട്ടുവന്നതെന്നും, നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്കു മുന്നില്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കരുത്ത് ചോര്‍ന്നുപോകരുതെന്നും ചടയന്‍ ഗോവിന്ദന്‍ അനുസ്മരണം അഭിപ്രായപ്പെട്ടു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടയന്‍ ഗോവിന്ദന്‍ അനുസ്മരണത്തിലാണ് ഇക്കാര്യം ഉയര്‍ന്നത്. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു.

പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഏറ്റവും ദുഷ്‌കരമായ കാലഘട്ടങ്ങളിലൊന്നില്‍ ചടയന്‍ ഗോവിന്ദന്‍ നേരിട്ട രാഷ്ട്രീയ വേട്ടയാടലുകളും അടിച്ചമര്‍ത്തലുകളും അനുസ്മരണ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചു. വ്യക്തികളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിലൂടെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്ന ചരിത്രപാഠം ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള നടപടികളും കേരളത്തിലെ രാഷ്ട്രീയ എതിരാളികളുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടി, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ലക്ഷ്യമിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നു. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ നേതാക്കളെ വേട്ടയാടുകയും അതുവഴി പ്രസ്ഥാനത്തെ സമ്മര്‍ദത്തിലാക്കുകയും ചെയ്യാനുള്ള നീക്കങ്ങളെ ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടണമെന്ന് പ്രസംഗകര്‍ പറഞ്ഞു.

ചടയന്‍ ഗോവിന്ദന്‍ പ്രവര്‍ത്തിച്ച കാലത്തും പാര്‍ട്ടിക്കെതിരെ കടുത്ത ആക്രമണങ്ങളും വേട്ടയാടലുകളും ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം ശക്തിപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. അതേ പോരാട്ടപാരമ്പര്യം ഉള്‍ക്കൊണ്ട് ഇന്നത്തെ വെല്ലുവിളികളെയും നേരിടേണ്ടതുണ്ടെന്നും അനുസ്മരണത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി സെക്രട്ടറിയേറ്റ് അംഗം നസീര്‍ മുള്ളൂര്‍ക്കര എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ഗഫൂര്‍ ആനമങ്ങാട് സ്വാഗതവും ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top