Sauditimesonline

KPM SADIQ
കോടിയേരിയുടെ ഓര്‍മകളില്‍ കേളി; റിയാദിലും പരിസര പ്രദേശങ്ങളിലും അനുസ്മരണ യോഗങ്ങള്‍

സ്വപ്‌ന ചിറകിലേറി വളര്‍ന്ന പ്രവാസി ജീവിതം; ‘ജോളിവുഡ് സ്‌റ്റോറി’ പ്രകാശനം

ദമ്മാം: വ്യവസായിയും, ചലച്ചിത്ര നിര്‍മ്മാതാവും, സാംസ്‌കാരികപ്രവര്‍ത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന ‘ജോളിവുഡ് സ്‌റ്റോറി’ ദമ്മാമില്‍ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങില്‍ എഴുത്തുകാരനും, സാമൂഹിക നിരീക്ഷകനുമായ എം.എന്‍ കാരശ്ശേരി കഥാകൃത്തും, മാധ്യമപ്രവര്‍ത്തകനുമായ പി.കെ പാറക്കടവിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വചിച്ചത്.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. സമാജം ദേശീയാധ്യക്ഷനും, ഡെസ്റ്റിനി ബുക്ക്‌സ് എംഡിയുമായ മാലിക് മഖ്ബൂല്‍ പ്രസാധക പ്രഭാഷണം നടത്തി. ദമ്മാമിലെ സാമൂഹികരാഷ്ടീയ രംഗത്തെ സമാദരണീയ വ്യക്തിത്വവും, ബദ്ര്‍ അല്‍ റാബി മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അഹമ്മദ് പുളിക്കല്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ഡോ. സിന്ധു ബിനു പുസ്തകപരിചയം നിര്‍വ്വഹിച്ചു. നാട്ടുമ്പുറത്തെ ഒരു സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന ബാലന്‍, മനസ്സില്‍ സൂക്ഷിച്ച സ്വപ്‌നങ്ങളും, സ്വന്തം ഇച്ഛാശക്തിയും കൈമുതലാക്കി പഠിച്ചു മിടുക്കനായതിന്റെയും, ഉയര്‍ച്ചയുടെ പടവുകള്‍ കയറി, സ്വന്തം ദേശത്തിന്റെ അതിരുകള്‍ ഭേദിച്ച് അന്യദേശങ്ങളില്‍ വിപുലമായ വ്യവസായസാമ്രാജ്യം പടുത്തുയര്‍ത്തിയതിന്റെയും വിസ്മയചിത്രം വരച്ചുകാട്ടുന്ന മനോഹരമായ രചനയാണ് ജോളിവുഡ് സ്‌റ്റോറി. ഗ്രാമത്തിന്റെ നന്മകളില്‍ നിന്ന്, ദേശത്തിന്റെ അതിരുകള്‍ കടന്നു ലോകഭൂപടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന, സരളഭാഷയില്‍, വളച്ചുകെട്ടില്ലാത്ത ആഖ്യാനം കൊണ്ട് മികച്ചുനില്‍ക്കുന്നപുസ്തകം കോഴിക്കോട് ഡെസ്റ്റിനി ബുക്ക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, പ്രദീപ് കൊട്ടിയം, ബിജു കല്ലുമല, ഷാജി മതിലകം, നാസ് വക്കം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഡോ. ലീന ജോളി, മന്‍സൂര്‍ പള്ളൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, നൗഫല്‍ പാലക്കോടത്ത്, ഡോക്ടര്‍ മഹമൂദ് മൂത്തേടത്ത്, നസ്‌റുദ്ദീന്‍ വി.ജെ, പി.ടി അലവി, ആല്‍ബിന്‍ ജോസഫ്, രഞ്ജിത്ത് വടകര, ഡോ. ബിജു വര്‍ഗീസ്, അഷ്‌റഫ് ആളത്ത്, ശംസുദ്ധീന്‍ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. മുഖ്യാതിഥികളായ എം.എന്‍ കാരശ്ശേരിക്കുള്ള സമാജത്തിന്റെ ആദരവ് മുരളീധരന്‍, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍ എന്നിവര്‍ ചേര്‍ന്നും, പി കെ പാറക്കടവിനുള്ള ആദരവ് നജ്മുസമാന്‍, ഹുസൈന്‍ ചമ്പോളില്‍, വിനോദ് കുഞ്ഞ് എന്നിവര്‍ ചേര്‍ന്നും സമര്‍പ്പിച്ചു. രചയിതാവ് ജോളി ലോനപ്പനുള്ള സമാജത്തിന്റെ ആദരവ് എം.എന്‍ കാരശ്ശേരി സമ്മാനിച്ചു. മലയാളി സമാജം ഭാരവാഹികളായ ഫബിനാ നജ്മുസമാന്‍, ലീനാ ഉണ്ണിക്കൃഷ്ണന്‍, ബിനു കുഞ്ഞ്, ബിനു പുരുഷോത്തമന്‍, ഹുസ്‌ന ആസിഫ്, ഹമീദ് കാണിച്ചാട്ടില്‍, റൗഫ് ചാവക്കാട്, ഷാജു അഞ്ചേരി, അസ്ഹര്‍, ഉണ്ണികൃഷ്ണന്‍, സരള ജേക്കബ്, നിഖില്‍ മുരളീധരന്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രവിശ്യയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനങ്ങളും, കവിതകളും, നൃത്തങ്ങളുമെല്ലാം ചടങ്ങിന് മോടി കൂട്ടി. വിസ്മയാ സജീഷ് സമാജം അവതരണഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ചടങ്ങില്‍ ഷനീബ് അബൂബക്കര്‍ സ്വാഗതവും നസീര്‍ പുന്നപ്ര നന്ദിയും പറഞ്ഞു. ഡോ. അജി വര്‍ഗീസ്, ദിവ്യാ നവീന്‍ എന്നിവര്‍ അവതാരകരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top