
റിയാദ്: പ്രവാസജീവിതത്തിന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി, അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ഒരുനോക്കു കാണാനാവാതെ തമിഴ്നാട് സ്വദേശിയായ യുവാവ് യാത്രയായി. കൃഷിയിടത്തിലെ ജോലിക്കിടെ ട്രാക്ടര്‍ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ ചിറ്റൂര്‍ സ്വദേശി ധര്‍മ്മദുരൈ (27) ആണ് നാലുമാസം നീണ്ട തീവ്രവേദനയ്ക്കും ചികിത്സയ്ക്കും ഒടുവില്‍ അല്‍ഖര്‍ജില്‍ മരണത്തിന് കീഴടങ്ങിയത്.

കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ ഒരു വര്‍ഷം മുന്‍പാണ് ധര്‍മ്മദുരൈ സൗദിയിലെത്തിയത്. കൃഷിയിടത്തിലെ ട്രാക്ടര്‍ ഡ്രൈവറായിരുന്ന സഹപ്രവര്ത്തകന് അവധിക്ക് പോയതിനെത്തുടര്‍ന്ന് വാഹനം ഓടിക്കാന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. ട്രാക്ടറില്‍ കയറാതെ പുറത്തുനിന്ന് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കൈ ഗിയറില്‍ തട്ടുകയായിരുന്നു. മുന്നോട്ടു കുതിച്ച വാഹനത്തിനടിയിലേക്ക് വീണ ധര്‍മ്മദുരൈയുടെ തലയിലൂടെ ട്രാക്ടര്‍ കയറിയിറങ്ങി. ഉടന്‍തന്നെ അല്‍ഖര്‍ജ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ധര്‍മ്മദുരൈ. നാട്ടില്‍ പിറന്ന ഇളയ കുഞ്ഞിനെ ഒന്നു താലോലിക്കാന്‍ പോലും വിധി ആ പിതാവിനെ അനുവദിച്ചില്ല. പ്രിയപ്പെട്ടവന്റെ തിരിച്ചുവരവിനായി കാത്തിരുന്ന കുടുംബത്തിന് അപ്രതീക്ഷിത വിയോഗം താങ്ങാനാവാത്ത ആഘാതമായി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം വൈസ് ചെയര്മാന് നാസര്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






