Sauditimesonline

KOZHIKODE PRAVASI
അത്താഴ വിരുന്നും യാത്രയയപ്പും

കൊവിഡ് ചികിത്സക്ക് റഷ്യ വികസിപ്പിച്ച മരുന്ന് സൗദിയില്‍ പരീക്ഷിക്കും


റിയാദ്: കൊവിഡ് വൈറസ് ചികിത്സക്ക് റഷ്യയും സൗദി അറേബ്യയും കൈകോര്‍ക്കുന്നു. റഷ്യ വികസിപ്പിച്ച മരുന്നിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മികച്ച ഫലമാണ് ലഭ്യമായത്. ഇതോടെ സൗദിയിലും മരുന്ന് പരീക്ഷിക്കാനാണ് ആലോചിക്കുന്നത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് സൗദി അറേബ്യയില്‍ കൊവിഡ് ചികിത്സയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ അവിഫാവീര്‍ എന്ന മരുന്ന് കൊവിഡ് ചികിത്സക്ക് സൗദിയില്‍ ഉപയോഗിക്കും. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് സൗദിയില്‍ നിക്ഷേപമുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പറഞ്ഞു. സൗദിയിലെ പങ്കാളികള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് ആര്‍ഡിഎഫ് ചീഫ് എക്‌സിക്യൂട്ടീവ് കിറില്‍ ഡിമിട്രീവ് വ്യക്തമാക്കി. കൊവിഡ് വൈറസിന്റെ പുനരുല്‍പാദനം തടയുന്ന മരുന്നാണ് അവിഫാവിര്‍. ഇത് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വിജയിച്ച ആദ്യത്തെ റഷ്യന്‍ നിര്‍മിത ആന്റിവൈറല്‍ മരുന്നാണെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അവകാശപ്പെട്ടു.

ഐ.എം. സെചെനോവ് ഫസ്റ്റ് മോസ്‌കോ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ലോമോനോസോവ് മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ അവിഫാവിര്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യയില്‍ 330 രോഗികളില്‍ അവസാന ഘട്ട പരിക്ഷണം തുടരുകയാണ്. റഷ്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മരുന്ന് വികസിപ്പിച്ചത്. അതേസമയം, സൗദി അറേബ്യ ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top