
റിയാദ്: അറബ് ഉച്ചകോടി അംഗീകരിച്ച ‘മക്ക പ്രഖ്യാപനം’ തളളിയ ഖത്തര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യ. ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് സൗദി വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ കുറ്റപ്പെടുത്തി.
ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അടിയന്തര അറബ് ഉച്ചകോടി ചേര്‍ന്നത്. മക്കയില്‍ നടന്ന മൂന്ന് ഉച്ചകോടികളിലും ഖത്തര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല സംഘം പങ്കെടുത്തിരുന്നു. എന്നാല്‍ ഉച്ചകോടിയില്‍ വിയോജിപ്പ് അറിയിക്കാതെ മൂന്ന് ദിവസത്തിന് ശേഷമാണ് ഖത്തറിന്റെ പിന്‍മാറ്റം. കൂടി ആലോചിച്ചില്ലെന്നും പ്രമേയങ്ങള്‍ മുന്‍കൂട്ടി തയാറാക്കിയതാണെന്നും ഖത്തര്‍ ആരോപിച്ചു.
അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നാണ് ഗള്‍ഫ്, അറബ് ഉച്ചകോടി അംഗീകരിച്ച സുപ്രധാന പ്രഖ്യാപനം. ഇതിന് പുറമെ കിഴക്കന്‍ ജറുസലം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും പ്രഖ്യാപനം വ്യക്തമാക്കുന്നു. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ ഖത്തര്‍ വളച്ചൊടിക്കുകയാണ്. ഖത്തറിന്റെ സമീപനം പുതുമയുളള കാര്യമല്ലെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തറിന്റെ നിലപാട് മാറ്റത്തില്‍ ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളും രൂക്ഷമായി വിമര്‍ശിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






