
റിയാദ്: കേരളത്തിന്റെ പ്രശസ്തി ലോകത്തിന്റെ നെറുകയിലെത്തിച്ച വണ്‍ ഇന്ത്യ കൈറ്റ് ടീം റിയാദില്‍ എത്തുന്നു. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടന്‍സിന്റെ നേതൃത്വത്തില്‍ ജൂണ്‍ 15ന് ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ തുമാമയില്‍ നടക്കുന്ന ‘കോഴിക്കോടന്‍സ് കൈറ്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനാണ് പട്ടം പറത്തി ഉയരങ്ങള്‍ കീഴടക്കിയ വണ്‍ ഇന്ത്യ കൈറ്റ് ടീം എത്തുന്നത്.
സൗദിയില്‍ ജിദ്ദ, അല്‍ ഹസ എന്നിവിടങ്ങളില്‍ ഇവര്‍ പട്ടം പറത്തിയിരുന്നു. എന്നാല്‍ റിയാദില്‍ ഇതാദ്യമായാണ് കൈറ്റ് ഫെസ്റ്റ് നടക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്ന പട്ടം പറത്തലിന്റെ മനോഹരമായ വിവിധ രൂപങ്ങള്‍ റിയാദിന് നവ്യാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
കോഴിക്കോട്ടുകാരായ 12 പേരാണ് റിയാദിലെ കൈറ്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. പട്ടം പറത്താന്‍ തുമാമയില്‍ നല്ല കാറ്റ് ലഭിക്കുന്ന വിശാലമായ സ്ഥലമാണ് സംഘാടകര്‍ കണ്ടെത്തിയിരിക്കുന്നത്. വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പട്ടങ്ങള്‍ വൈവിധ്യമുള്ളവയായിരിക്കും. ഇവ ഒന്നൊന്നായി അന്തരീക്ഷത്തിലേക്ക് ഉയരുന്നതോടെ അതി മനോഹരമായ ദൃശ്യാനുഭമായിരിക്കും ലഭിക്കുക.
കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ഉയരത്തില്‍ പറക്കുന്ന പട്ടങ്ങള്‍ കോട്ടണ്‍, നൈലോണ്‍ നൂലുകളും പാരച്ചൂട്ട് മെറ്റീരിയലും ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള വണ്‍ ഇന്ത്യ കൈറ്റ് ടീം അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അടുത്ത സൗദി ദേശീയ ദിനത്തില്‍ തലസ്ഥാന നഗരിയില്‍ കൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ വണ്‍ ഇന്ത്യാ കൈറ്റ് ടീം ശ്രമം തുടങ്ങിയിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിന് പ്രസിഡന്റ്് ഷക്കീബ് കൊളക്കാടന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മിര്‍ഷാദ് ബക്കര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ആയി വിപുലമായ കമ്മറ്റി രൂപീകരിച്ചു. ശിഹാബ് കൊടിയത്തൂര്‍, സുഹാസ് മുക്കം, ഫൈസല്‍ പൂനൂര്‍, അബ്ദുല്‍ കരീം കൊടുവള്ളി, മുനീബ് പാഴൂര്‍, അക്ബര്‍ വേങ്ങാട്ട്, ഉമ്മര്‍ മുക്കം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി നാസര്‍ കാരന്തൂര്‍ സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മിര്‍ഷാദ് ബക്കര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






