Sauditimesonline

watches

ലേബര്‍ പ്രൊഫഷന്‍ അക്കൗണ്ടന്റ് ആക്കാന്‍ കഴിയുമോ?

ബി കോം ബിരുദ ധാരിയും സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്‌ളോമയും നേടിയിട്ടുളള ഞാന്‍ സ്‌പോണ്‍സറുടെ അനുമതിയോടെ റിയാദിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. എന്റെ പ്രൊഫഷന്‍ വര്‍ക്ക് ഷോപ്പ് ലേബറാണ്. നിതാഖാത്ത് നടപ്പിലായതോടെ സ്‌പോണ്‍സര്‍ഷിപ്പ് ഐ ടി കമ്പനിയിലേക്ക് മാറി. ഇഖാമയില്‍ ഇപ്പോഴും വര്‍ക്ക് ഷോപ്പ് ലേബറാണ്. താഴെ പറയുന്ന സംശയങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു. (1) അക്കൗണ്ടന്റ് പ്രൊഫഷനിലേക്ക് മാറാന്‍ കഴിയില്ലെന്ന് കേള്‍ക്കുന്നു. എങ്കില്‍ സ്വദേശിവത്ക്കരണം ബാധകമാകാത്ത ഏത് പ്രൊഫഷനിലേക്ക് മാറുന്നതാണ് എനിക്ക് ഉചിതം? (2) കമ്പനിയിലെ പെയ്‌റോള്‍ പ്രകാരം ഫാമിലി സ്റ്റാറ്റസുളള എനിക്ക് കുടുംബവിസ ലഭിക്കുവാന്‍ ഉതകുന്ന പ്രൊഫഷനിലേക്ക് മാറാന്‍ കഴിയുമോ?

ഉത്തരം:

ഐ ടി കമ്പനിയിലേക്ക് ഇഖാമ മാറിയതു നല്ലതു തന്നെ. പക്ഷേ നിതാഖാത്ത് പ്രകാരം പ്രസ്തുത കമ്പനി ഏതു കാറ്റഗറിയില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനും പ്രാധാന്യമുണ്ട്. എങ്കിലും പൊതുവായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കാര്യങ്ങളും വിശകലനം ചെയ്യാം.

(1) തൊഴില്‍ പരിഷ്‌കരണ പദ്ധതി പ്രകാരം ചീഫ് അക്കൗണ്ടന്റ്, സീനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ടന്റ് തുടങ്ങിയ പ്രൊഫഷനുകള്‍ വിദേശികള്‍ക്ക് അനുവദിക്കില്ല. എന്നാല്‍ എക്‌സലന്റ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട കമ്പനികള്‍ക്ക് ഇത് ബാധകമല്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതുപ്രകാരം താങ്കള്‍ക്ക് അക്കൗണ്ടന്റ് പ്രൊഫഷനിലേക്ക് മാറുന്നതിന് തടസ്സമില്ല. എന്നാല്‍ കമ്പനി കൂടുതല്‍ വിദേശ തൊഴിലാളികളെ ഭാവിയില്‍ നിയമിക്കുകയും അതിന് ആനുപാതികമായി സ്വദേശികളെ നിയമിക്കാതിരിക്കുകയും ചെയ്താല്‍ എക്‌സലന്റ് കാറ്റഗറി സ്വാഭാവികമായും ഗ്രീന്‍, യെല്ലോ എന്നിവയിലേക്ക് മാറാം. ഇത്തരം സാഹചര്യം നേരിട്ടാല്‍ ഭാവിയില്‍ അക്കൗണ്ടന്റ് പ്രൊഫഷനുളളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ്, ഇഖാമ എന്നിവ പുതുക്കുന്നതിന് വിഷമങ്ങള്‍ നേരിടും.


(2) അക്കൗണ്ടന്റ് വിഭാഗത്തില്‍ ഉള്‍പ്പെട്ട പ്രൊഫഷനുകള്‍ക്ക് നിതാഖാത്ത് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുവരെ ഫാമിലി വിസ ലഭിക്കുന്നതിന് തടസ്സം ഉണ്ടായിരുന്നില്ല. ഗ്രീന്‍ കാറ്റഗറിയിലാണെങ്കില്‍ അക്കൗണ്ടന്റ് പ്രൊഫഷന്‍ അനുവദിക്കില്ല. പകരം കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്ന പ്രൊഫഷനാക്കിയാല്‍ സ്വദേശിവത്ക്കരണത്തിന് വിധേയമാകില്ലെന്ന് മാത്രമല്ല ഫാമിലി വിസ നേടുന്നതിനും സാധ്യമാണ്. താങ്കുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം ഓണ്‍ലൈന്‍വഴി പ്രൊഫഷന്‍ മാറ്റുന്നതിന് സ്‌പോണ്‍സറോട് ആവശ്യപ്പെടാം. ആവശ്യപ്പെടുന്ന പ്രൊഫഷന്‍ അംഗീകരിക്കുന്നതിന് ലേബര്‍ മന്ത്രാലയം ഇന്ത്യയിലെ സൗദി എംബസി അറ്റസ്റ്റ് ചെയ്ത ഒറിജനല്‍ സര്‍ട്ടിഫിക്കേറ്റുകള്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കേണ്ടി വരും. ഫാമിലി വിസക്ക് അപേക്ഷിക്കുമ്പോഴും അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കണം. നോര്‍ക്ക റൂട്ട്‌സിന്റെ കേരളത്തിലെ റീജിയനല്‍ സെന്ററുകള്‍ വഴി സര്‍ട്ടിഫിക്കേറ്റുകള്‍ അറ്റസ്റ്റുചെയ്യാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top